വണ്ടിപ്പെരിയാര്‍: കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ പലയിടത്തും വ്യാപക നാശനഷ്ടം. വെള്ളിയാഴ്ച രാത്രി പെയ്ത ശക്തമായ മഴയില്‍ വണ്ടിപ്പെരിയാറിലെ പല വീടുകളിലും വെള്ളം കയറി. വീടുകളില്‍ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കയാണ്. പാറക്കടവ്, മുണ്ടിയെരുമ, കൂട്ടാര്‍ മേഖലയില്‍ ശക്തമായ മഴ പെയ്തിട്ടുണ്ട്. പ്രദേശങ്ങളില്‍ നിന്ന് വളര്‍ത്തു മൃഗങ്ങളും ഇരുചക്ര വാഹനങ്ങളും ഒലിച്ചു പോയി. പലയിടത്തും മലവെള്ളപ്പാച്ചില്‍ ഉണ്ടായി. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇടുക്കി നെടുങ്കണ്ടം കൂട്ടാറില്‍ കനത്ത മലവെള്ള പാച്ചിലില്‍ ടെമ്പോ ട്രാവലര്‍ ഒഴുക്കില്‍പ്പെട്ടു.
അതേസമയം ശക്തമായ മഴയില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137 അടിയിലെത്തി. ഇതോടെ സ്പില്‍വേയിലെ മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. സെക്കന്റില്‍ 1063 ഘനയടി വെള്ളമാണ് തുറന്നുവിടുന്നത്. 1683 ക്യൂസെക്‌സ് വെള്ളം തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്ക് തുറന്നു വിടുന്നുണ്ട്. ഡാമിലേക്ക് ശക്തമായ നീരൊഴുക്കുണ്ട്. കല്ലാര്‍ ഡാമിലെ ഷട്ടറുകളും തുറന്നിട്ടുണ്ട്.
Prathinidhi Online