ജില്ലയില്‍ മഞ്ഞപ്പിത്ത കേസുകള്‍ വര്‍ധിക്കുന്നു: ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്‌

പാലക്കാട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി മഞ്ഞപ്പിത്ത കേസുകള്‍ (ഹെപ്പറ്റൈറ്റിസ് എ) റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വര്‍ധന. അസുഖത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്സവങ്ങള്‍, മറ്റ് ആഘോഷ പരിപാടികള്‍ എന്നിവയിലും മഞ്ഞപ്പിത്തം വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന രോഗമാണ്. ശരീരത്തില്‍ വൈറസ് പ്രവര്‍ത്തിക്കുന്നത് മൂലം കരളിലെ കോശങ്ങള്‍ നശിക്കുകയും കരളിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യുകയാണ് സംഭവിക്കുക. ഇതിനാല്‍ മഞ്ഞനിറത്തിലുളള ബിലിറൂബിന്റെ അംശം രക്തത്തില്‍ കൂടുകയും മഞ്ഞപ്പിത്തത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.

പനി, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം, മഞ്ഞ നിറത്തിലുളള മൂത്രം, ചര്‍മ്മത്തിലും കണ്ണിലും മഞ്ഞനിറം, എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. രോഗബാധിതനായ ഒരാളുടെ മലം മൂലം മലിനമായ ജലത്തിലൂടെയും, ആഹാരത്തിലൂടെയും, രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയും രോഗം പകരാം.

പ്രതിരോധമാര്‍ഗ്ഗങ്ങള്‍

  • രോഗം സ്ഥിരീകരിച്ചയാള്‍ / രോഗലക്ഷണങ്ങളുളളവര്‍ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കി രോഗം പടരാതിരിക്കാന്‍ ശ്രമിക്കണം. രോഗം പൂര്‍ണ്ണമായും മാറുന്നത് വരെ 2 ആഴ്ച്ചക്കാലം വിശ്രമിക്കേണ്ടതാണ്. ഈ കാലയളവില്‍ കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ഒഴിവാക്കണം.
  • • രോഗബാധിതരായവര്‍ ഭക്ഷണം പാകം ചെയ്യാതിരിക്കുക. ഭക്ഷണം പങ്കു വയ്ക്കാതിരിക്കുക.
  • രോഗി ഉപയോഗിച്ച പാത്രങ്ങള്‍, തുണി എന്നിവ മറ്റുളളവര്‍ ഉപയോഗിക്കാതിരിക്കുക. ഇത്തരം വസ്തുക്കള്‍ അണുനശീകരണം നടത്തിയതിനുശേഷം മാത്രം ഉപയോഗിക്കുക. രോഗി കൂടുതലായി ഉപയോഗിക്കുന്ന മുറികളും, പ്രതലങ്ങളും അണുനശീകരണം നടത്തേണ്ടതാണ്.
  • ഛര്‍ദ്ധി ഉണ്ടെങ്കില്‍ ശൗചാലയത്തില്‍ തന്നെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക.
  • മഞ്ഞപിത്തം മൂലമുളള പനി മാറുന്നതിനായി ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ പാരസെറ്റമോള്‍ ഗുളിക കഴിക്കാതിരിക്കുക.
  • പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താതിരിക്കുക.
  • കുട്ടികളുടെ മലം തുറസ്സായ സ്ഥലം, കുളിമുറി, വാഷ് ബെയിസിന്‍ എന്നിവിടങ്ങളില്‍ ഉപേക്ഷിക്കാതെ ശൗചാലയത്തില്‍ മാത്രം സംസ്‌ക്കരിക്കുക.
  • മഞ്ഞപിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശത്ത് കുടിവെളള സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യുക. (1000 ലിറ്റര്‍ വെള്ളത്തിന് 5 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ എന്ന അനുപാതത്തില്‍).

പൊതു നിര്‍ദ്ദേശങ്ങള്‍

  • ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനു മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റ് കഴുകി അണുവിമുക്തമാക്കുക.
  • ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഈച്ചയും മറ്റ് പ്രാണികളും കടക്കാത്ത വിധം മൂടിവെയ്ക്കുക.
  • കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്തി ഉപയോഗിക്കരുത്.
  • ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ചികിത്സ തേടുക. സ്വയം ചികിത്സ അരുത്.
  • പരിശോധനയും ചികിത്സയും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്. സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ചികിത്സാ കേന്ദ്രങ്ങളില്‍ നിന്നോ ഒറ്റമൂലി ചികിത്സയോ സ്വീകരിക്കാതിരിക്കുക.
  • രോഗി കൂടുതല്‍ സമയം ചെലവഴിക്കുന്ന മുറികളിലെ പ്രതലങ്ങളിലും ടോയ്‌ലറ്റുകളിലും കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തേണ്ടതാണ്.
comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …