കൊച്ചി: എലപ്പുള്ളിയില്‍ ബ്രൂവറി നിര്‍മ്മിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. സ്വകാര്യ കമ്പനി ഒയാസിസിന് നല്‍കിയ പ്രാഥമിക അനുമതി നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കി. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കമ്പനിക്ക് അനുമതി നല്‍കിയതെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. ബ്രൂവറിക്കെതിരെ അനുമതി നല്‍കിയതിന് എതിരെ ഒരുകൂട്ടം പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന എലപ്പുള്ളിയില്‍ ഇത്രയും വലിയ പ്ലാന്റ് വരുന്നതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്നും ഭൂഗര്‍ഭ ജല സ്രോതസ്സുകളെ ബാധിക്കുമെന്നുമാണ് ഹരജിക്കാര്‍ പ്രധാനമായും വാദിച്ചത്.
അതേസമയം കൃത്യമായ പഠനത്തിന് ശേഷം നടപടിക്രമങ്ങള്‍ പാലിച്ച് പുതിയ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസുമാരായ സതീഷ് നൈനാന്‍, പി.കൃഷ്ണകുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഈ വര്‍ഷം ജനുവരിയിലായിരുന്നു കമ്പനി തുടങ്ങാനുള്ള പ്രാഥമികാനുമതി സര്‍ക്കാര്‍ നല്‍കിയത്. ഇതിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം എലപ്പുള്ളി പഞ്ചായത്തില്‍ നടക്കുന്നുണ്ട്.
2025ല്‍ മൂന്ന് ഡിസ്റ്റിലറികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതില്‍ എലപ്പുള്ളിയിലെ ബ്രൂവറിയില്‍ മാത്രമാണ് പ്രതിഷേധമുയര്‍ന്നത് എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ പരാതിക്കാര്‍ പ്രദേശത്ത് താമസിക്കുന്നവരാണെന്നത് പരിഗണിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
600 കോടി രൂപയുടെ നിക്ഷേപത്തില്‍ പ്രതിദിനം 500 കിലോ ഉല്‍പ്പാദനം നടത്താന്‍ ശേഷിയുള്ള പ്ലാന്റാണ് എലപ്പുള്ളിയില്‍ നിര്‍മ്മിക്കാനിരുന്നത്. എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, വിദേശമദ്യ ബോട്ടിലിങ് യൂണിറ്റ്, ബ്രൂവറി തുടങ്ങിയവയാണ് പ്ലാന്റിനായുള്ള അപേക്ഷയില്‍ കമ്പനി ഉള്‍പ്പെടുത്തിയിരുന്നത്. പ്രതിദിനം 5000 കിലോ ലിറ്റര്‍ വെള്ളം പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനായി ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്.
Prathinidhi Online