പാലക്കാട്: അഞ്ചര വയസ്സുകാരി അദിതി എസ് നമ്പൂതരിയെ ശാരീരികമായി പീഡിപ്പിക്കുകയും പട്ടിണിക്കിട്ട് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. അദിതിയുടെ അച്ഛന്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയും ഇയാളുടെ രണ്ടാം ഭാര്യ ദേവിക അന്തര്‍ജനവുമാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. തടവ് ശിക്ഷയ്ക്ക് പുറമേ രണ്ട്‌ലക്ഷം രൂപ പിഴയും ഒടുക്കണം. വിചാരണക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്. പ്രതികളെ ഇന്നലെ രാത്രി നടക്കാവ് പോലീസ് രാമനാട്ടുകരയില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു.
2013 ഏപ്രില്‍ 29നാണ് തിരുവമ്പാടി ത്ടടേക്കാട്ട് ഇല്ലത്ത് അദിതി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുന്നത്. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്റേയും മര്‍ദ്ദനത്തിന്റേയും പാടുകളുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞരമ്പിനേറ്റ ക്ഷതമാണ് മരണകാരണമായി പറഞ്ഞിരുന്നത്. മാതാപിതാക്കളുടെ ക്രൂരപീഡനം മൂലമാണ് കുട്ടി മരിച്ചതെന്ന് പോലീസും പ്രോസിക്യൂഷനും വാദിച്ചെങ്കിലും വിചാരണക്കോടതിയില്‍ കൊലക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. മരണകാരണമായി പറഞ്ഞ ഞരമ്പിലെ ക്ഷതം എങ്ങനെ ഉണ്ടായി എന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ പ്രതികള്‍ക്ക് രണ്ടും മൂന്നും വര്‍ഷ കഠിന തടവാണ് വിചാരണക്കോടതി വിധിച്ചത്.
ഇതിനിടെ കേസ് ഹൈക്കോടതിയിലെത്തുകയും കുട്ടിയുടെ 10 വയസ്സുള്ള സഹോദരന്റെ മൊഴി കോടതിയില്‍ നിര്‍ണായകമാകുകയും ചെയ്തു. കുട്ടിയുടെ സാക്ഷിമൊഴിയില്‍ കൊലപാതകക്കുറ്റത്തിന് മതിയായ തെളിവുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. മാത്രമല്ല കൊലക്കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
Prathinidhi Online