പഠനാവശ്യത്തിന് വാങ്ങിയ എച്ച്പി ലാപ്‌ടോപ്പ് തുടര്‍ച്ചയായി തകരാറിലായി; വിദ്യാര്‍ത്ഥിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കൊച്ചി: പഠനാവശ്യത്തിന് വാങ്ങിയ ലാപ്‌ടോപ്പ് തുടര്‍ച്ചയായി തകരാറിലായത് മൂലം പഠനം മുടങ്ങിയ വിദ്യാര്‍ത്ഥിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. ലാപ്‌ടോപ്പിന്റെ തുടര്‍ച്ചയായ തകരാര്‍ പരിഹരിച്ച് നല്‍കാത്ത കമ്പനിയും ഡീലറും നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ സ്വദേശിയും ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ എബ്രഹാം പോളാണ് കോടതിയെ സമീപിച്ചത്. ലാപ്‌ടോപ് നിര്‍മ്മാണ കമ്പനിയായ എച്ച്പി ഇന്ത്യ, വിതരണക്കാരായ കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന സിസ്മാന്‍ടെക് എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് പരാതി പരിഗണിച്ചത്.

പഠനാവശ്യത്തിനായി 2022 ജൂലൈയില്‍ വാങ്ങിയ ലാപ്‌ടോപ്പിന് വാങ്ങി കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ട്രാക്ക്പാഡ്, മദര്‍ബോര്‍ഡ് തുടങ്ങിയ പ്രധാന ഭാഗങ്ങളില്‍ തകരാറുകള്‍ സംഭവിച്ചിരുന്നു. കമ്പനി സര്‍വീസ് നടത്തിയിട്ടും തകരാറുകള്‍ വീണ്ടും സംഭവിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥിക്ക് ആവശ്യമായ സേവനങ്ങള്‍ ഇരുകൂട്ടരുടേയും അടുത്ത് നിന്ന് കിട്ടിയില്ലെന്നും പരാതിയില്‍ പറയുന്നു. പലതവണ സര്‍വീസ് ചെയ്തിട്ടും പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതിരുന്നതും, പ്രധാന സ്‌പെയര്‍ പാര്‍ട്‌സുകള്‍ ലഭ്യമല്ല എന്ന് കമ്പനി സൂചിപ്പിച്ചതും സേവനത്തിലെ ഗുരുതര വീഴ്ചയും അന്യായമായ വ്യാപാരരീതിയുമാണെന്ന് ഡി. ബിബിനു അധ്യക്ഷനും വി രാമചന്ദ്രന്‍ , ശ്രീവിദ്യ ടി.എന്‍ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് കണ്ടെത്തി. പ്രൊഫഷണല്‍, പഠന ആവശ്യങ്ങള്‍ക്കായി വാങ്ങിയ ഉപകരണം തുടര്‍ച്ചയായ തകരാറുകള്‍ കാരണം ഉപയോഗിക്കാന്‍ കഴിയാതെ വന്നത് ഉപഭോക്താവിന്റെ പഠനം ബുദ്ധിമുട്ടിലാക്കുകയും ഇത് മാനസിക പ്രയാസങ്ങള്‍ക്കും അസൗകര്യങ്ങള്‍ക്കും ഇടയാക്കിയെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.

തകരാറിലായ ലാപ്‌ടോപ് തിരികെ എടുത്ത് ലാപ്‌ടോപ്പിന്റെ വിലയായ ?1,14,000/- (ഒരു ലക്ഷത്തി പതിനാലായിരം) രൂപ തിരികെ നല്‍കാനും മാനസിക ബുദ്ധിമുട്ടിനും അസൗകര്യങ്ങള്‍ക്കും ഇരുപതിനായിരം രൂപയും കോടതി ചെലവായി 5,000/- രൂപയും 45 ദിവസത്തിനകം എതിര്‍കക്ഷികള്‍ പരാതിക്കാരന് നല്‍കണമെന്നും ഉത്തരവിലുണ്ട്. പരാതിക്കാരന് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.

 

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …