തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിനായി മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ആവര്‍ത്തിച്ചുള്ള ട്രാഫിക് നിയമലംഘനങ്ങളെ തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കിയാല്‍ ആ വ്യക്തിക്ക് പിന്നീട് മൂന്നു വര്‍ഷത്തേക്ക് ലൈസന്‍സ് എടുക്കാന്‍ അനുവദിക്കില്ല എന്നുള്ളതാണ് പുതിയ ഭേദഗതികളിലൊന്ന്. നിയമഭേദഗതി സംബന്ധിച്ച നിര്‍ദേശത്തിലാണ് ഇക്കാര്യമുള്ളത്.
റോഡപകടങ്ങളും അപകട മരണങ്ങളും കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ ഭേദഗതി. ഇതു സംബന്ധിച്ച നിര്‍ദേശം സംസ്ഥാന ഗതാഗത മന്ത്രിക്കും ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ക്കും ഈ ആഴ്ച തന്നെ കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൈസന്‍സ് റദ്ദാക്കിയതിനു ശേഷം ലൈസന്‍സ് തിരിച്ച് ലഭിച്ചിട്ടും നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന ആളുകളെ ലക്ഷ്യമിട്ടാണ് ഭേദഗതി വരുന്നത്. ഡ്രൈവറുടെ പെരുമാറ്റവും ലൈസന്‍സ് ലഭ്യതയും തമ്മില്‍ ബന്ധിപ്പിച്ചാണ് പുതിയ നീക്കം. നിലവില്‍ ലൈസന്‍സ് കാലാവധി അവസാനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ടെസ്റ്റ് എടുക്കാതെ ലൈസന്‍സ് പുതുക്കാന്‍ കഴിയും. ഈ സംവിധാനത്തിനും മാറ്റമുണ്ടാകാനും സാധ്യതയുണ്ട്.
നേരത്തേ ഇന്‍ഷുറന്‍സില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടു വന്നിരുന്നു. ട്രാഫിക് നിയമലംഘനത്തിന് ചലാന്‍ ലഭിച്ച ശേഷം പിഴയൊടുക്കിയിട്ടില്ലെങ്കില് ലൈസന്‍സും ആര്‍സിയും റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു.
Prathinidhi Online