മുംബൈ: ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമായി. ഐസിസി വനിത ലോകകപ്പ് ക്രിക്കറ്റില്‍ കന്നിക്കിരീടത്തില്‍ മുത്തമിട്ട് ടീം ഇന്ത്യ. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നീലക്കടലിനെ സാക്ഷിയാക്കിയാണ് ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ കപ്പുയര്‍ത്തിയത്.

ഇന്ത്യ ഉയര്‍ത്തിയ 299 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 റണ്‍സിന് ഓള്‍ ഔട്ടായി. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട് (101) മുന്നില്‍ നിന്ന് പൊരുതിയെങ്കിലും പ്രതീക്ഷിച്ച പിന്തുണ നല്‍കാന്‍ ടീമംഗങ്ങള്‍ക്കായില്ല. അതേസമയം രണ്ട് ഓള്‍റൗണ്ടര്‍മാരുടെ കലാശക്കൊട്ടാണ് ഇന്ത്യന്‍ വിജയത്തിന്റെ നെടുംതൂണായത്.
2005, 2017 ലോകകപ്പ് ഫൈനലുകളില്‍ പരാജയപ്പെട്ട ശേഷമാണ് മൂന്നാം ഫൈനലില്‍ ഇന്ത്യയുടെ സ്വപ്‌നം പൂവണിഞ്ഞത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തു. ബാറ്റിങിലും ബോളിങിലും ഒരേപോലെ തിളങ്ങിയ ദീപ്തി ശര്‍മയും ഷെഫാലി വര്‍മയും ഇന്ത്യന്‍ വിജയത്തില്‍ നെടുംതൂണുകളായി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കളത്തിലെത്തിയ ഷെഫാലി (78 പന്തില്‍ 87) റണ്‍സും ദീപ്തി ശര്‍മ (58 പന്തില്‍ 58) റണ്‍സുമെടുത്തു. ഷെഫാലി രണ്ടു വിക്കറ്റും ദീപ്തി 5 വിക്കറ്റും നേടി.

ഓപ്പണര്‍മാരായി ഇറങ്ങിയ സ്മൃതി മന്ഥാനയും (58 പന്തില്‍ 45), ഫെഫാലി വര്‍മയും(78 പന്തില്‍ 87) ചേര്‍ന്ന് നിര്‍മ്മിച്ച 104 റണ്‍സിന്റെ കൂട്ടുകെട്ട് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ 64/0 എന്ന നിലയിലായിരുന്നു ഇന്ത്യ. 18ാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ സിനാലോ ജാഫ്തയുടെ കയ്യില്‍ സ്മൃതിയെ എത്തിച്ച് ക്ലോയി ട്രയോണ്‍ ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി. തുടര്‍ന്ന് അതിവേഗം സെഞ്ച്വറിയിലേക്ക് കുതിച്ച ഷെഫാലിയെ 28ാം ഓവറില്‍ അയബോംഗ ഖാക്കയാണ് വീഴ്ത്തിയത്. തൊട്ടടുത്ത ഓവറില്‍ ജമീമയേയും (24) ഖാക്ക പുറത്താക്കി.
തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (20) റണ്‍സിനും അമന്‍ജോത് കൗര്‍ (12) കളംവിടുമ്പോള്‍ ഇന്ത്യ 5ന് 245 എന്ന സ്‌കോറിലായിരുന്നു. തുടര്‍ന്നു വന്ന റിച്ച – ദീപ്തി ശര്‍മ കൂട്ടുകെട്ട് 47 റണ്‍സ് കൂട്ടിച്ചേര്‍ത്ത് സ്‌കോര്‍ 300നടുത്ത് എത്തിച്ചു. 49ാം ഓവറിലെ അവസാന പന്തില്‍ രണ്ട് സിക്‌സും മൂന്നും ഫോറുമടക്കം (34) റണ്‍സ് നേടി റിച്ച പുറത്തായി. അവസാന ഓവറില്‍ രാധ യാദവും ദീപ്തിയും ചേര്‍ന്ന് 6 റണ്‍സ് എടുത്തു. അവസാന ബോളില്‍ ദീപ്തി ശര്‍മ റണ്‍ ഔട്ടായാണ് കളംവിട്ടത്.

മറുപടി ബാറ്റിങില്‍ ഭേദപ്പെട്ട സ്‌കോറില്‍ തുടങ്ങിയ ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റെട്ടുത്ത് അമന്‍ജോത് കൗര്‍ ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. ഒന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടും ടാസ്മിന്‍ ബ്രിട്ട്‌സും (23) ചേര്‍ന്ന് 51 റണ്‍സെടുത്ത് കുതിക്കുന്നതിനിടെയായിരുന്നു ആദ്യ വിക്കറ്റ്. തന്റെ അടുത്തടുത്ത ഓവറുകളില്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി ഷെഫാലി നല്‍കിയ ഇംപാക്ടാണ് തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെ തളച്ചിടാന്‍ ടീം ഇന്ത്യയ്ക്കായത്.

30ാം ഓവറില്‍ സിനാലോ ജാഫ്തയെ (16) പുറത്താക്കിയാണ് ദീപ്തി ശര്‍മ വിക്കറ്റ് വേട്ട തുടങ്ങിയത്. പിന്നീട് അടുത്ത 10 ഓവറോളം വിക്കറ്റ് വീഴാതെ ദക്ഷിണാഫ്രിക്ക കാത്തെങ്കിലും 40ാം ഓവറില്‍ ആനെറി ഡെര്‍ക്‌സെനിയെ (35) വീഴ്ത്തി ദീപ്തി വീണ്ടും കളി ഇന്ത്യന്‍ കോര്‍ട്ടിലേക്കെത്തിച്ചു. 42ാം ഓവറില്‍ സെഞ്ചറി നേട്ടവുമായി കളത്തില്‍ നിറഞ്ഞുനിന്ന ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടിനെ ദീപ്തി തന്നെ ഗ്യാലറിയിലേക്കയച്ചു. 45ാം ഓവറില്‍ ദക്ഷിണാഫ്രിക്കയുടെ 9ാം വിക്കറ്റും വീണു. 46ാം ഓവറില്‍ മൂന്നാം പന്തില്‍ നദീന്‍ ഡി ക്ലെര്‍ക്കിനെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ കൈകളിലെത്തിച്ച് ദീപ്തി കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യയെ കാത്ത് കന്നി ലോകകപ്പ് കിരീടം കാത്തിരിപ്പുണ്ടായിരുന്നു.
Prathinidhi Online