സഞ്ചാരികള്‍ക്ക് ടൂറിസം പാക്കേജുമായി ഇന്ത്യന്‍ ആര്‍മിയും. ടെന്റുകളില്‍ ഹോംസ്‌റ്റേ ഒരുക്കുന്ന പദ്ധതി ഉത്തരാഖണ്ഡിലെ ഗാര്‍ബ്യാങ് ഗ്രാമത്തിലാണ് തുടങ്ങിയത്. കേന്ദ്രസര്‍ക്കാരിന്റെ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിനോദ സഞ്ചാരികള്‍ക്ക് പ്രദേശത്തിന്റെ സംസ്‌കാരവും പ്രകൃതി സൗന്ദര്യവും അനുഭവിക്കാന്‍ അവസരം ലഭിക്കുന്നതിനോടൊപ്പം പ്രാദേശിക ജനവിഭാഗങ്ങളുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യമാണ് പദ്ധതിയുടെ പിന്നിലെന്നാണ് അധികൃതര്‍ പറയുന്നത്.
ഓപ്പറേഷന്‍ സദ്ഭാവനയുടെ ഭാഗമായി വികസിപ്പിച്ച ടെന്റ് അധിഷ്ഠിത ഹോംസ്റ്റേ നടപ്പിലാക്കുന്നത് പ്രദേശവാസികള്‍ തന്നെയാണ്. സഞ്ചാരികള്‍ക്ക് ഹിമാലയന്‍ പ്രകൃതി ഭംഗി ആസ്വദിച്ച് കുറച്ചു ദിവസം ജീവിക്കുന്നതിനോടൊപ്പം പ്രാദേശിക ജനങ്ങളുടെ ജീവിത ശൈലികളും ചുറ്റുപാടുകളും അടുത്തറിയാനും കഴിയും. ഗാര്‍ബ്യാങ് വില്ലേജ് കമ്മിറ്റിയാണ് റിസര്‍വേഷനുകള്‍ കൈകാര്യം ചെയ്യുന്നത്. 9410734276, 7579811930, 9596752645 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് ഹോംസ്‌റ്റേ ബുക്ക് ചെയ്യാം. ഒരാള്‍ക്ക് ഒരു രാത്രി ഭക്ഷണം ഉള്‍പ്പെടെ 1,000 രൂപയാണ് ചിലവ് വരിക.
ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിലാണ് ഗാര്‍ബ്യാങ് സ്ഥിതി ചെയ്യുന്നത്.
മനോഹരമായ താഴ്വരകളും മഞ്ഞുമൂടിയ പര്‍വതങ്ങളാലും ചുറ്റപ്പെട്ട ഒരു ഗ്രാമമാണിത്. ചൈനയുടെയും നേപ്പാളിന്റെയും അതിര്‍ത്തി ഗ്രാമമാണിത്. രണ്ട് പ്രധാന തീര്‍ത്ഥാടന പാതകളുടെ തുടക്ക സ്ഥലമായതിനാല്‍ പ്രദേശത്തെ ‘ശിവ്നാഗ്രി ഗുഞ്ചിയിലേക്കുള്ള കവാട’ എന്നും അറിയപ്പെടുന്നുണ്ട്. ഒരു വഴി ആദി കൈലാസത്തിലേക്കും മറ്റൊന്ന് ഓം പര്‍വതത്തിലേക്കും കാലാപാനിയിലേക്കുമാണ് പോകുന്നത്.
Prathinidhi Online