പാലക്കാട്: അടിമുടി മാറ്റത്തിന്റെ പാതയിലാണ് ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും റെയില്‍വേയ്ക്ക് കൂടുതല്‍ വരുമാനവും ലഭിക്കുന്ന പദ്ധതികള്‍ കൂടുതലായി ആവിഷ്‌കരിക്കുന്ന തിടുക്കത്തിലാണ് റെയില്‍വേ ഇപ്പോള്‍. ഇപ്പോഴിതാ സ്‌റ്റേഷനോട് ചേര്‍ന്നുള്ള ഒഴുവുള്ള സ്ഥലങ്ങള്‍ കച്ചവടത്തിന് നല്‍കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ട്രെയിനിറങ്ങി വീട്ടിലേക്കു പോകുന്നതിന് മുന്‍പ് പലചരക്കു സാധനങ്ങളും പച്ചക്കറികളുമെല്ലാം റെയില്‍വേ സ്റ്റേഷനില്‍ തന്നെ കിട്ടും. സ്‌റ്റേഷനുകളില്‍ കൂടുതലുള്ള സ്ഥലങ്ങള്‍ ഇത്തരത്തില്‍ കച്ചവടത്തിന് നല്‍കി വരുമാനം വര്‍ദ്ധിപ്പിക്കാനാണ് പുതിയ നടപടി. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ സ്റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തില്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത്. മസാജ് ചെയര്‍, ഐസ്‌ക്രീം പാര്‍ലര്‍ തുടങ്ങിയവ സ്റ്റേഷനുകളില്‍ ആരംഭിച്ചിട്ടുണ്ട്.
ചെരുപ്പു കടകള്‍, ഗിഫ്റ്റ് ഷോപ്പുകള്‍, പലചരക്ക് കടകള്‍, ഫോട്ടോസ്റ്റാറ്റ് കടകള്‍, സ്‌റ്റേഷനറി കടകള്‍ എന്നിവയ്ക്കുള്ള ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. വസ്ത്രങ്ങളും മൊബൈല്‍ ഫോണുകളും വരെ സ്‌റ്റേഷനില്‍ ലഭ്യമാക്കാനാണ് പദ്ധതി. ഇരുചക്ര വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന സൗകര്യവും ഏര്‍പ്പെടുത്തും. ഇതിനു പുറമേ ഉപയോഗിക്കാതെ കിടക്കുന്ന റെയില്‍വേ ഭൂമിയില്‍ ഹാളുകള്‍ നിര്‍മ്മിക്കും. മെഡിക്കല്‍ കിയോസ്‌ക്കുകള്‍, വാടകയ്ക്ക് വാഹനങ്ങള്‍ നല്‍കുന്ന കേന്ദ്രങ്ങളും സ്ഥാപിക്കാന്‍ ആലോചിക്കുന്നുണ്ട്. വസ്തുക്കളുടെ ഗുണമേന്മയും ന്യായ വിലയും വിവിധ വകുപ്പുകള്‍ പരിശോധിച്ച് ഉറപ്പിക്കുകയും ചെയ്യും.
Prathinidhi Online