ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതോടെ മറ്റ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി. മുംബൈ-ഡല്‍ഹി റൂട്ടില്‍ വെള്ളിയാഴ്ച 51,000 രൂപയ്ക്ക് മുകളിലായിരുന്നു ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം- ഡല്‍ഹി നിരക്ക് 75000 വരെയെത്തി. പതിനായിരത്തില്‍ താഴെ ഈടാക്കിയിരുന്ന കൊച്ചി-ബെംഗളൂരു റൂട്ടില്‍ നിലവില്‍ ടിക്കറ്റ് നിരക്ക് 25000-ത്തിന് മുകളിലാണ്. പ്രതിസന്ധി പരിഹരിക്കാന്‍ രണ്ട് മാസം വേണമെന്നാണ് കമ്പനി പറയുന്നത്.
ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, കൊച്ചി തുടങ്ങി രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം യാത്രക്കാര്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്ന സ്ഥിതിയാണ്. പലയിടത്തും യാത്രക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. യാത്രക്കാരും വിമാനത്താവള ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടാവുന്ന സ്ഥിതിയാണുള്ളത്. നിലവിലെ പ്രതിസന്ധിയില്‍ ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സ് യാത്രക്കാരോട് മാപ്പ് ചോദിച്ചു. വെള്ളിയാഴ്ചത്തെ കൂട്ട റദ്ദാക്കലുകള്‍ക്ക് ശേഷം ശനിയാഴ്ച ആയിരത്തില്‍ താഴെ വിമാനങ്ങള്‍ മാത്രമേ റദ്ദാക്കപ്പെടാന്‍ സാധ്യതയുള്ളൂവെന്നും ഡിസംബര്‍ 10-15 ഓടെ സര്‍വീസുകള്‍ പൂര്‍ണ്ണമായി പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. റദ്ദാക്കിയ ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ അഞ്ച് മുതല്‍ 15 വരെയുള്ള യാത്രകള്‍ക്കാണ് ഈ ഇളവ് ബാധകമാകുക.
അതേസമയം വിമാന സര്‍വീസുകള്‍ താറുമാറായതിനെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. പൈലറ്റുമാരുടെ വിശ്രമ സമയം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങളും റോസ്റ്ററിംഗ് പിഴവുകളുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതേത്തുടര്‍ന്ന് പുതിയ നിയന്ത്രണങ്ങള്‍ തല്‍ക്കാലത്തേക്ക് മരവിപ്പിക്കാന്‍ ഡിജിസിഎ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. പൈലറ്റുമാരുടെ ജോലി സമയം സംബന്ധിച്ച നിബന്ധനകളില്‍ ഇളവ് നല്‍കിയതിനെതിരെ പൈലറ്റുമാരുടെ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഇത് സുരക്ഷാ വീഴ്ചകള്‍ക്ക് കാരണമാകുമെന്നാണ് പൈലറ്റുമാര്‍ ചൂണ്ടിക്കാട്ടുന്നത്.
Prathinidhi Online