കോഴിക്കോട്: ഓണ്‍ലൈന്‍ ട്രേഡിങ് വഴി ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശികളിൽ നിന്ന് തട്ടിപ്പ് സംഘം തട്ടിയെടുത്തത് 2.10 കോടി. വ്യാജ ട്രേഡിങ് പ്ലാറ്റ് ഫോമുകളിൽ നിക്ഷേപിച്ച രണ്ടു പേർക്കാണ് കോടികൾ നഷ്ടമായത്. സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട് അത്തോളി സ്വദേശിയായ റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് തടിപ്പിനിരയായ ഒരാൾ. ഇയാളുടെ പക്കൽ നിന്ന് 1 കോടി 21 ലക്ഷം രൂപയും തോടന്നൂര്‍ സ്വദേശിയായ മറ്റൊരാളിൽ നിന്ന് 76 ലക്ഷം രൂപയുമാണ് തട്ടിപ്പ് സംഘം മോഷ്ടിച്ചത്. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ കഴിഞ്ഞ ദിവസമാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. ഷെയര്‍ ട്രേഡിങിലൂടെ വന്‍ തുക ലാഭം നേടാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടും വാട്സ് ആപ്പ്, ടെലിഗ്രാം കോളുകള്‍ വഴിയുമാണ് തട്ടിപ്പുകാര്‍ ഇരകളുമായി ബന്ധം സ്ഥാപിച്ചതും വലയിലാക്കിയതും. തുടര്‍ന്ന് വ്യാജ ട്രേഡിങ് പ്ലാറ്റ്ഫോമുകളില്‍ പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു.
ആദ്യം ചെറിയ ലാഭവിഹിതം നിക്ഷേപകർക്ക് നൽകിയിരന്നു. കുടുതല്‍ ലാഭം പ്രതീക്ഷിച്ച് ഘട്ടം ഘട്ടമായി വന്‍തുകകള്‍ പിന്നീട് നിക്ഷേപിക്കുകയായിരുന്നു. തുക പിന്‍വലിക്കാനും തട്ടിപ്പുകാര്‍ പണം ഈടാക്കിയിരുന്നു. ഈ തുകകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള അക്കൗണ്ടുകളിലേക്കും മ്യൂള്‍ അക്കൗണ്ടുകളിലേക്കും മാറ്റിയെന്നാണ് കരുതുന്നത്. കംബോഡിയ മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വലിയ ശൃംഗലകളാണ് തട്ടിപ്പിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
Prathinidhi Online