തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ കോടികളുടെ വന്‍ക്രമക്കേട് കണ്ടെത്തി. ലോട്ടറി ഏജന്റുമാരുടെ ക്ഷേമനിധി തുകയില്‍ നിന്ന് 14.93 കോടി ബോര്‍ഡിലെ ക്ലര്‍ക്കായ സംഗീത് തട്ടിയെടുത്തതായി സ്‌പെഷല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് കണ്ടെത്തിയത്. 2013 മുതല്‍ 2020 വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. ലോട്ടറി ഏജന്റുമാരുടെ ക്ഷേമനിധി തുക ബോര്‍ഡിന്റെ ബാങ്ക് അക്കൗണ്ടില്‍ അടയ്ക്കാനുള്ള തകയാണ് തിരിമറി നടത്തിയത്. സംഗീതിന്റെയും ബന്ധുവിന്റെയും അക്കൗണ്ടിലേക്കായിരുന്നു തുക നിക്ഷേപിച്ചത്. വാര്‍ഷിക ഓഡിറ്റില്‍ പിടിക്കപ്പെടാതിരിക്കാന്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. ലോട്ടറി വില്‍പന ഉപജീവനമാക്കിയ ഏജന്റുമാര്‍ മാസംതോറും അവരുടെ വിഹിതം ക്ഷേമനിധി ബോര്‍ഡില്‍ അടക്കുന്നുണ്ട്. ഇതുള്‍പ്പെടെയാണ് സംഗീത് തട്ടിയെടുത്തത്.
കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ ഇത്ര വലിയ തട്ടിപ്പ് നടന്നത് ആശ്ചര്യമുണ്ടാക്കുന്നുണ്ട്. ഏഴുവര്‍ഷത്തിനിടെ നടന്ന തട്ടിപ്പിന്റെ വിവരങ്ങള്‍ ഇപ്പോള്‍ മാത്രം പുറത്തുവന്നതും ആശ്ചര്യമുണ്ടാക്കുന്നുണ്ട്. നേരത്തേ ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ആരോപണവിധേയനായ സംഗീതിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അതേസമയം സംഭവത്തില്‍ ക്ഷേമനിധി ബോര്‍ഡിന് ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ടിലുണ്ട്. ലോട്ടറി വകുപ്പില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ പോയ ഉദ്യോഗസ്ഥരാണ് ക്ഷേമനിധി ബോര്‍ഡിലുണ്ടായിരുന്നത്. ക്ലര്‍ക്കിന്റെ ജോലികള്‍ നിരീക്ഷിക്കുന്നതിന് സൂപ്പര്‍വൈസറോ മറ്റു ഉദ്യോഗസ്ഥരോ ഉണ്ടായിരുന്നില്ല എന്നതും തട്ടിപ്പ് എളുപ്പത്തിലാക്കാന്‍ സഹായിച്ചിട്ടുണ്ട്.
Prathinidhi Online