കോയമ്പത്തൂര്‍: സുലൂരിലെ വ്യോമസേന താവളത്തില്‍ മലയാളി ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു. പാലക്കാട് യാക്കര കടുത്തുരുത്തി പള്ളിക്കണ്ടത്ത് വീട്ടില്‍ എസ്.സാനു (47) ആണ് മരിച്ചത്. ഡിഫന്‍സ് സെക്യൂരിറ്റി കോറില്‍ നായിക് ആയിരുന്ന സാനു ഞായറാഴ്ച രാവിലെ 6 മണിക്ക് ജോലിക്ക് കയറിയ ഉടനെ തലയിലേക്ക് സ്വയം വെടിയുതിര്‍ക്കുകയായിരുന്നെന്ന് അധികൃതര്‍ പറയുന്നു.

വ്യോമസേന ക്യാമ്പസിലെ 13ാം നമ്പര്‍ ടവര്‍ പോസ്റ്റിലായിരുന്നു സംഭവം. ജോലിയില്‍ കയറിയ ഉടനെ എകെ 103 റൈഫിള്‍ ഉപയോഗിച്ചാണ് വെടിവച്ചത്. തുടര്‍ന്ന് പോസ്റ്റില്‍ നിന്നും സാനു താഴേക്ക് തെറിച്ചു വീഴുകയായിരുന്നു. വൈദ്യ പരിശോധനയില്‍ മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ജോലി സമ്മര്‍ദ്ദമാകാം മരണ കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. രണ്ടാഴ്ച മുന്‍പ് അവധിക്ക് വീട്ടിലെത്തിയപ്പോള്‍ മാനസിക സമ്മര്‍ദ്ദത്തിന് ഡോക്ടറെ കണ്ടതായും ബന്ധുക്കള്‍ പറയുന്നു. മാത്രമല്ല വിശ്രമവും മരുന്നും ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും മരുന്നു കൃത്യമായി കഴിച്ചിരുന്നില്ലെന്ന് വീട്ടുകാര്‍ പറഞ്ഞതായി കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.
Prathinidhi Online