മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ ഭാഗമായുള്ള ഇരുമ്പകച്ചോല വിനോദസഞ്ചാരികൾക്ക് കാറ്റും , കാഴ്ചകളുമായി കാത്തിരിക്കുന്നു. കാഞ്ഞിരപ്പുഴഡാമിന്‍റെ ഇടതുവശത്തായി കൊർണക്കുന്നുനിന്നും റിസർവോയറിലേക്കുള്ള കാഴ്ചയാണ് ഏറെ ആനന്ദകരം.
കാഞ്ഞിരപ്പുഴ ഡാം, പ്രദേശത്തെ പുൽമേടുകൾ, പാലക്കയം മലനിരകൾ, വാക്കോടൻമല, നീലാകാശം എന്നിവയെല്ലാം ഒത്തുചേരുന്നതാണ് മനോഹര ദൃശ്യങ്ങൾ. കാഞ്ഞിരപ്പുഴഡാം സന്ദർശിക്കാനെത്തുന്ന മിക്ക വിനോദസഞ്ചാരികളും ഇവിടെയെത്താറുണ്ട്.
തണുത്ത കാറ്റും ഡാമിൽനിന്നുള്ള കാറ്റുംമൂലമുണ്ടാകുന്ന തിരയിളക്കവും കാഴ്ചക്കാർക്ക് ഏറെ ആസ്വാദ്യകരമാണ്. പെരിന്തൽമണ്ണ, മലപ്പുറം, പാലക്കാട്, ഒറ്റപ്പാലം, നിലമ്പൂർ എന്നിവിടങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളാണ് പതിവായി ഇവിടേയ്ക്കെത്തുന്നത്.
സർക്കാർ പ്രത്യേകപദ്ധതിയുടെ ഭാഗമായി പത്തുകോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് കാഞ്ഞിരപ്പുഴയിൽ നടക്കുന്നത്.
ഇതുകൂടി പൂർത്തിയാകുന്നതോടെ സന്ദർശകരുടെ തിരക്ക് ഇനിയും വർധിക്കും. മീൻവല്ലം, ശിരുവാണി ഇക്കോ ടൂറിസം എന്നിവയെല്ലാം കാഞ്ഞിരപ്പുഴയോടു ചേർന്നാണ് സ്ഥിതിചെയ്യുന്നത്.
കാഞ്ഞിരപ്പുഴ ഡാം ബലപ്പെടുത്തുന്നതിന്‍റെ ഭാഗമായി നിലവിൽ ചുറ്റുമതിലുകളുടെ നിർമാണം നടക്കുകയാണ്.
മറ്റു ഭാഗങ്ങളിലെല്ലാം മതിൽ സുരക്ഷിതമായി സ്ഥാപിച്ചു. കൊർണകുന്ന് ഭാഗത്തും മതിൽ സ്ഥാപിച്ചാൽ ഈ കാഴ്ചകളെല്ലാം നഷ്ടമാകും.
Prathinidhi Online