പാലക്കാട്: നാളികേര കൃഷിയുടെ ഉല്‍പ്പാദനവും വികസനവും വര്‍ദ്ധിപ്പിച്ച് കേരകര്‍ഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി രൂപീകരിച്ച കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വല്ലപ്പുഴ കെ. എസ്. എം. കണ്‍വെന്‍ഷന്‍ സെന്ററില്‍ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിര്‍വഹിച്ചു. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരഗ്രാമം പദ്ധതിയിലൂടെ നാളികേരത്തിന്റെ ഉത്പാദനം ഗണ്ണ്യമായി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും കര്‍ഷകര്‍ക്കു ഗുണപ്രദമാകുന്ന എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിനിടെ മന്ത്രി അഭിപ്രായപ്പെട്ടു.
സംഭരണം, സംസ്‌കരണം, വിപണനം എന്നീ കാര്യങ്ങളില്‍ ഊന്നികൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് കേരഗ്രാമം പദ്ധതിയില്‍ നടപ്പിലാക്കുക. നാളികേര ഉല്‍പന്നങ്ങള്‍ കൂടുതലായി നിര്‍മ്മിക്കുകയും അവയുടെ ബ്രാന്റിങ്ങ് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. കൃഷി ഭവനുകള്‍, സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, എഫ്.പി.ഒ കള്‍ തുടങ്ങിയ സംവിധാനങ്ങളെ ഇതിനായി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൃഷിക്കാരനു മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക, വരുമാന വര്‍ധനവ് ഉണ്ടാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ചടങ്ങില്‍ പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍ അധ്യക്ഷനായി. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറുമുഖ പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ആശ ആര്‍ പദ്ധതി വിശദീകരണം നടത്തി. വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ അബ്ദുല്ലത്തീഫ്, വല്ലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്‍.പി സത്യഭാമ, യു.വി ദീപ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സലീന, ഷൊര്‍ണൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അമല ജെ, വല്ലപ്പുഴ പഞ്ചായത്ത് സെക്രട്ടറി എ നൗഫല്‍, ത്രിതല ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Prathinidhi Online