ശബരിമലയില്‍ രാസ കുങ്കുമം വില്‍ക്കുന്നതിന് ഹൈക്കോടതി നിരോധനം

കൊച്ചി: ശബരിമലയുടെ പരിസരപ്രദേശങ്ങളില്‍ രാസ കുങ്കുമം വില്‍ക്കുന്നത് അനുവദിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. രാസ കുങ്കുമത്തിന് വിലക്ക് ഏര്‍പ്പെടുത്തി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി ആവശ്യമില്ലെന്നും പ്രകൃതിദത്ത കുങ്കുമം മാത്രമേ ശബരിമല, പമ്പ, എരുമേലി എന്നിവിടങ്ങളില്‍ വില്‍പ്പന നടത്താവൂ എന്നും ഹൈക്കോടതി പറഞ്ഞു. നിരോധനത്തിനെതിരെ കുത്തകപ്പാട്ടക്കാരില്‍ ഒരാള്‍ നല്‍കിയ ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

ലക്ഷങ്ങള്‍ മുടക്കി സ്റ്റാളുകള്‍ നിര്‍മ്മിക്കുകയും മുന്‍കൂര്‍ തുക കുങ്കുമത്തിനായി നല്‍കിയെന്നും അതിനാല്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് നഷ്ടത്തിനിടയാക്കുമെന്നും ഹരജിക്കാര്‍ വാദിച്ചു. എന്നാല്‍ കോടതിയുടെ പരിഗണന ശബരിമലയിലെ പരിസ്ഥിതിയും ഭക്തരുടെ ആരോഗ്യവുമാണെന്ന് കോടതി പറഞ്ഞു. വിതരണം ചെയ്യുന്ന കുങ്കുമത്തില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലെങ്കില്‍ അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ശബരിമല സ്‌പെഷ്യല്‍ കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിട്ടതെന്നും ഇക്കാര്യത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്നുമാണ് സര്‍ക്കാരിന്റേയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേയും അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്.

രാസ കുങ്കുമത്തിന് പുറമേ ചെറിയ പ്ലാസ്റ്റിക് കൂടുകളിലുള്ള ഷാപൂവിനും ശബരിമലയിലും പരിസരങ്ങളിലും കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. ജസ്റ്റിസുമാരായ വി.രാജ വിജയരാഘവന്‍, കെ.വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …