വയനാട് തുരങ്കപാത: നിര്‍മാണം തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി; പാതയുടെ ചരിത്രവഴികള്‍ ഇങ്ങനെ

കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ വയനാട് തുരങ്കപാത നിര്‍മാണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. പദ്ധതി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് കോടതിയെ സമീപിച്ചത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. തുരങ്ക പാത നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എല്ലാ അനുമതികളും പൂര്‍ത്തിയാക്കിയാണ് നിര്‍മ്മാണം തുടങ്ങിയതെന്നും കോടതി നിരീക്ഷിച്ചു. 2025 ആഗസ്റ്റിലാണ് മുഖ്യമന്ത്രി തുരങ്കപാതയുടെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

തുരങ്കപാതയുടെ ചരിത്രവഴികള്‍
താമരശ്ശേരി ചുരത്തിന് ബദലായി കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയ്ക്കുള്ള ചര്‍ച്ചകള്‍ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണോദ്ഘാടനം എന്ന പേരില്‍ പ്രോജക്ട് ലോഞ്ചിംഗ് നടത്തിയെങ്കിലും പിന്നെയും അഞ്ച് വര്‍ങ്ങള്‍ കഴിഞ്ഞാണ് തുരങ്ക പാത നിര്‍മാണത്തിനുളള തടസങ്ങള്‍ നീങ്ങിയത്. തുരങ്കപാത നിര്‍മാണത്തിന് പാരിസ്ഥിതിക അനുമതി ലഭിക്കാന്‍ തന്നെ ഏറെ കടമ്പകളുണ്ടായിരുന്നു. വര്‍ദ്ധിച്ചു വരുന്ന യാത്ര ആവശ്യങ്ങളും ചരക്കു നീക്കവും കണക്കിലെടുത്ത് വയനാട്ടിലേക്കുള്ള സുരക്ഷിതമായ പാത എന്നത് പല സര്‍ക്കാരുകളുടെ പരിഗണനയില്‍ വന്ന വിഷയമായിരുന്നു. മാത്രമല്ല താമരശ്ശേരി ചുരത്തിലെ നിരന്തരമായ ഗതാഗത പ്രശ്‌നങ്ങളും ബദല്‍ പാതയ്ക്കുള്ള ചിന്തകള്‍ക്ക് ആക്കം കൂട്ടിയിരുന്നു.

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിനെയും വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിനെയും ബന്ധിപ്പിച്ചുള്ള പാതയായിരുന്നു താമരശ്ശേരി ചുരത്തിന് ബദലായി അവതരിപ്പിക്കപ്പെട്ട പാതകളിലൊന്ന്. ഈ ബദല്‍ പാതയ്ക്കായി സാധ്യത പഠനം നടത്തുമെന്ന് 2006ല്‍ മത്തായി ചാക്കോ തിരുവമ്പാടിയില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ പ്രഖ്യാപിച്ചിരുന്നു. മത്തായി ചാക്കോയുടെ മരണത്തിന് പിന്നാലെ എംഎല്‍എയായ ജോര്‍ജ് എം തോമസ് ഈ പാത യാഥാര്‍ത്ഥ്യമാക്കാനുളള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടു. എന്നാല്‍ ചെങ്കുത്തായുളള കയറ്റവും കൂറ്റന്‍ പാറകളുമുളള ഈ വഴി റോഡ് നിര്‍മിക്കുന്നതിന് വെല്ലുവിളിയായിരുന്നു. തുടര്‍ന്നാണ് തുരങ്കപാത സംബന്ധിച്ച സജീവ ചര്‍ച്ചകള്‍ തുടങ്ങുന്നത്. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാര്‍ തുരങ്കപാതയുടെ സര്‍വേ നടത്താന്‍ രണ്ട് കോടി രൂപ നീക്കിവച്ചിരുന്നു. എന്നാല്‍ പദ്ധതി മുന്നോട്ട് പോയിരുന്നില്ല.

2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് പദ്ധതിക്ക് വീണ്ടും ഉണര്‍വ്വുണ്ടാകുന്നത്. പദ്ധതിയുടെ വിശദമായ സര്‍വ്വേക്കായി 10 കോടി രൂപ സര്‍ക്കാര്‍ നീക്കിവയ്ക്കുകയും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ പ്രൊജക്ട് ലോഞ്ചിംഗും നടന്നു. എന്നാല്‍ പാത കടന്നു പോകുന്ന പ്രദേശത്തിന്റഎ ജൈവ വൈവിധ്യവും ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശമെന്ന ഭീഷണിയും ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകരുള്‍പ്പെടെ രംഗത്തു വന്നിരുന്നു. മറിപ്പുഴയ്ക്ക് സമീപം വനപ്രദേശത്ത് 2022ല്‍ ഉരുള്‍പൊട്ടി. ഇതിനു പുറമേ മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടലും കൂടിയായപ്പോള്‍ പദ്ധതിക്ക് അനുമതി നല്‍കരുതെന്ന ആവശ്യം കൂടുതല്‍ ശക്തിപ്പെട്ടു വന്നു.

പ്രതിഷേധങ്ങളേയും പ്രതിസന്ധികളേയും മറികടക്കാനായി സര്‍ക്കാര്‍ സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയില്‍ നിന്നും വിദഗ്ദാഭിപ്രായം ആരായുകയും കര്‍ശന ഉപാധികളോടെ സമിതി അനുമതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കൂടി കിട്ടിയതോടെയാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നിര്‍മ്മാണ് ചുമതലയുള്ള പൊതുമരാമത്ത് വകുപ്പും നിര്‍വഹണ ഏജന്‍സിയായ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനും നല്‍കിയ ഉറപ്പുകളെത്തുടര്‍ന്നാണ് കേന്ദ്രം പദ്ധതിക്ക് അനുമതി നല്‍കിയത്. പ്രദേശത്തിന്റഎ ഭൂപ്രകൃതിക്കോ ജൈവ വൈവിധ്യത്തിനോ നാശം വരുത്തില്ലെന്ന ഉറപ്പിന്മേലാണ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്.

 

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …