എസ്‌ഐആര്‍: പുറത്താകുന്നവര്‍ 24.95 ലക്ഷം; ഫോം നല്‍കാന്‍ ഇന്നുകൂടി അവസരം

പാലക്കാട്: സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ (എസ്‌ഐആര്‍) തുടര്‍ന്ന് പട്ടികയില്‍ നിന്ന് പുറത്താകുന്നത് 24.95 ലക്ഷം ആളുകള്‍. പുറത്താകുന്നവരുടെ പേരുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. https://ceo.kerala.gov/asd-lits എന്ന ലിങ്കില്‍ ബൂത്ത് അടിസ്ഥാനത്തില്‍ പട്ടിക പരിശോധിക്കാം. ഫോം നല്‍കാത്തവര്‍ക്ക് ഇന്നുകൂടി സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ഇതിനു ശേഷമാണ് അന്തിമ കരട് പട്ടിക പ്രസിദ്ധീകരിക്കുക. എസ്‌ഐആറില്‍ കൂടുതല്‍ സമയം വേണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടെങ്കിലും കമ്മീഷന്‍ സമയം നീട്ടി നല്‍കിയിട്ടില്ല.

എസ്‌ഐആറില്‍ പേരുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?

https://ceo.kerala.gov/asd-list എന്ന ലിങ്കില്‍ കയറി ജില്ല, നിയമസഭ മണ്ഡലം, പാര്‍ട്്ട (ബൂത്ത് നമ്പര്‍) എന്നിവ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ഡൗണ്‍ലോഡ് എഎസ്ഡി എന്ന ബട്ടണ്‍ ക്ലിക് ചെയ്യുക. ഡൗണ്‍ലോഡ് ചെയ്ത പട്ടികയില്‍ നിന്ന് വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ ലഭിക്കും. ക്രമനമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, പേര്, ബന്ധുവിന്റെ പേര്, പുറത്താക്കാനുള്ള കാരണം എന്നിവയാണ് പട്ടികയില്‍ നല്‍കിയിട്ടുണ്ടാവുക.

മരിച്ചവര്‍, സ്ഥിരമായി സ്ഥലം മാറിപ്പോയവര്‍, കണ്ടെത്താന്‍ കഴിയാത്തവര്‍, രണ്ടോ അതില്‍ക്കൂടുതല്‍ തവണയോ പട്ടികയില്‍ പേരുള്ളവര്‍, ഫോം വാങ്ങുകയോ തിരിച്ചു നല്‍കുകയോ ചെയ്യാത്തവര്‍ എന്നിങ്ങനെ പുറത്താക്കപ്പെടാനുള്ള കാരണങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത രേഖയില്‍ കാണിച്ചിരിക്കും.

പുറത്താക്കിയാല്‍ ചെയ്യേണ്ടത്?

മതിയായ കാരണങ്ങളില്ലാതെ പട്ടികയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെങ്കില്‍ ഇന്നു തന്നെ ബുത്ത് ലെവല്‍ ഓഫീസറെ ബന്ധപ്പെട്ട് എസ്‌ഐആര്‍ ഫോം പൂരിപ്പിച്ചു നല്‍കണം. ഫോം പൂരിപ്പിച്ചു നല്‍കി തെറ്റുതിരുത്താന്‍ ഇന്നുവരെയാണ് അവസരം. ഫോം നല്‍കിയാല്‍ 23ന് പ്രസിദ്ധീകരിക്കുന്ന കരട് പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും.

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം, പട്ടികയില്‍ ഉള്‍പ്പെടാത്ത വോട്ടര്‍മാരുടെ വിവരങ്ങള്‍ ബൂത്ത് തിരിച്ച് ഇലക്ടറല്‍ ഓഫീസര്‍മാരുടെ നോട്ടീസ് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കും. മുഖ്യതിരിഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിലും പട്ടിക ലഭിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബിഎല്‍ഒമാര്‍ക്കും പട്ടിക കൈമാറും. പരാതികളും ആക്ഷേപങ്ങളും ഈ മാസം 23 മുതല്‍ ജനുവരി 22 വരെ ഫോം 6 ന് ഒപ്പം സത്യവാങ്മൂലം സമര്‍പ്പിച്ച് പേര് ചേര്‍ക്കാം. പ്രവാസി വോട്ടര്‍മാര്‍ക്ക് ഫോം 6 നല്‍കിയും പേര് ചേര്‍ക്കാം. വിലാസം മാറ്റാനും തെറ്റു തിരുത്താനും ഫോം 8 നല്‍കണം. ഈ ഫോമുകള്‍ https://voters.eci.gov.in/ എന്ന ലിങ്കില്‍ ലഭ്യമാണ്. ആവശ്യമായ വിവരങ്ങള്‍ സമര്‍പ്പിക്കാത്തവരെ ഹിയറിങ്ങിനു വിളിക്കും.

ഹിയറിങ്ങിനു ശേഷം ഒഴിവാക്കുകയാണെങ്കില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഒന്നാം അപ്പീല്‍ നല്‍കാം. ഒന്നാം അപ്പീലിന്റെ ഉത്തരവിന് ശേഷം 30 ദിവസത്തിനകം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് രണ്ടാം അപ്പീല്‍ നല്‍കാം. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും. അതിനു ശേഷം നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി വരെ പട്ടികയില്‍ പേര് ചേര്‍ക്കാനും മാറ്റങ്ങള്‍ വരുത്താനും അവസരമുണ്ടാകും.

പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ ജില്ല തിരിച്ച്

  • തിരുവനന്തപുരം     – 4,32,259
  • എറണാകുളം          – 3,35,331
  • തൃശൂര്‍                   – 2,54,875
  • പാലക്കാട്              – 1,97,060
  • കോഴിക്കോട്         – 1,94,631
  • മലപ്പുറം                – 1,78,488
  • കോട്ടയം               – 1,66,434
  • കൊല്ലം                 – 1,65,905
  • ആലപ്പുഴ              – 1,44,648
  • ഇടുക്കി                – 1,27,426
  • പത്തനംതിട്ട         – 1,01,117
  • കണ്ണൂര്‍                 – 98,840
  • കാസര്‍കോട്        – 60,736
  • വയനാട്               – 37,319
comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …