കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ഇന്‍ഡോര്‍ സ്റ്റേഡിയം ഒറ്റപ്പാലത്ത് ഒരുങ്ങുന്നു

ഒറ്റപ്പാലം: കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ഇന്‍ഡോര്‍ സ്റ്റേഡിയം പാലക്കാട് ഒരുങ്ങുന്നു. സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിച്ചു. ഭിന്ന ശേഷിക്കാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്ന സര്‍ക്കാരാണിതെന്നും ഭിന്നശേഷി സൗഹൃദ കേരളമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കെ പ്രേംകുമാര്‍ എംഎല്‍എയുടെ 2021- 22 വര്‍ഷത്തെ ബജറ്റില്‍ നിന്നും അനുവദിച്ച പത്തു കോടി രൂപ വിനിയോഗിച്ചാണ് ഗവ. ബധിര-മൂക വിദ്യാലയത്തില്‍ ഇന്‍ഡോര്‍
സ്റ്റേഡിയം നിര്‍മ്മിക്കുന്നത്.

ബാസ്‌ക്കറ്റ് ബോള്‍, വോളി ബോള്‍, ഷട്ടില്‍ ഉള്‍പ്പടെയുള്ള കോര്‍ട്ടുകളടങ്ങിയ സ്റ്റേഡിയമാണ് കായിക വകുപ്പിന്റെ നേതൃത്വത്തില്‍ ഒറ്റപ്പാലത്ത് ഒരുക്കുന്നത്. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം. ഗ്രൗണ്ട് ഡെവലപ്‌മെന്റ്, ഇന്‍ഡോര്‍ സ്റ്റേഡിയം, റീട്ടൈനിങ് വാള്‍, കോമ്പൗണ്ട് വാള്‍, കുളത്തിന് ചുറ്റും സംരക്ഷണ ഭിത്തി, സെക്യൂരിറ്റി ക്യാബിന്‍,ബോര്‍ വെല്‍, ഓവര്‍ ഹെഡ് ടാങ്ക്, സംപ് ടാങ്ക്, പമ്പ് റൂം, സോളാര്‍ സിസ്റ്റം, ഫ്‌ളെഡ് ലൈറ്റ്, ഡ്രെയിന്‍, അനുബന്ധ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കായിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി ഒറ്റപ്പാലം മണ്ഡലത്തില്‍ കായിക വകുപ്പ് മുഖേന 18.49 കോടി രൂപയുടെ ഒന്‍പത് പ്രവൃത്തികളാണ് നടന്നുവരുന്നത്.

പരിപാടിയില്‍ കെ പ്രേംകുമാര്‍ എംഎല്‍എ അധ്യക്ഷനായി. സ്‌കൂള്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ സജീവ് കുമാര്‍, അര്‍ജ്ജുന്‍ എന്നീ വിദ്യാര്‍ഥികളെയും വിവിധ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാര്‍ഥികളെയും മന്ത്രി പുരസ്‌കാരം നല്‍കി ആദരിച്ചു. ഒറ്റപ്പാലം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ജാനകി ദേവി, സ്ഥിരം സമിതി അധ്യക്ഷരായ സുനീറ മുജീബ്, കെ അബ്ദുള്‍ നാസര്‍, വാര്‍ഡ് കൗണ്‍സിലര്‍ എം മണികണ്ഠന്‍, ഹെഡ്മിസ്ട്രസ്സ് എം.എല്‍ മിനി കുമാരി, രാഷട്രീയ പാര്‍ട്ടി പ്രതിനിധികള്‍ വിദ്യാര്‍ഥികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

 

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …