കൊല്ലങ്കോട്: അങ്കനവാടികളില്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാനുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ വന്‍ക്രമക്കേട് കണ്ടെത്തി. കൊല്ലങ്കോട് ഐസിഡിഎസ് ഓഫീസിനു കീഴിലുള്ള അങ്കണവാടികള്‍ നവീകരിക്കാന്‍ അനുവദിച്ച 1.42 കോടി ചിവലഴിച്ചതിലാണ് അഴിമതി നടന്നത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിയുള്ള 171 അങ്കനവാടികളിലേക്കായി വാട്ടര്‍പ്യൂരിഫയര്‍, ടേബിള്‍, ചെയറുകള്‍, മാഗസിന്‍ റാക്ക്, ഷൂറാക്ക്, ഗ്രൈന്‍ഡര്‍, മിക്‌സി, കയര്‍മാറ്റ് പെന്‍ഡ്രൈവ് തുടങ്ങിയ സാധനങ്ങള്‍ വാങ്ങിയ വകയില്‍ അരക്കോടിയോളം രൂപ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഓര്‍ഡറില്‍ വിലകൂടിയ സാധനങ്ങള്‍ കാണിച്ച് കുറഞ്ഞ വിലയ്ക്കുള്ള സാധനങ്ങള്‍ ഇറക്കുകയും ചെയ്യുന്നതായിരുന്നു രീതി. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്.
ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉപകരണങ്ങളുള്‍പ്പെടെ വാങ്ങാനുള്ള സംവിധാനമായ ജെം പോര്‍ട്ടല്‍ വഴിയായിരുന്നു അഴിമതി. ഇടനിലക്കാരെ ഒഴിവാക്കി 10 ലക്ഷം രൂപ വരെയുള്ള സാധനങ്ങള്‍ ടെന്‍ഡര്‍ കൂടാതെ വാങ്ങാം എന്നതാണ് ജെം വഴിയുള്ള ഗുണം. എന്നാല്‍ ഒരേ സാധനങ്ങള്‍ തന്നെ 10 ലക്ഷത്തില്‍ താഴെയുള്ള ബില്ലുകളാക്കി പലതവണയായി പീസ് മീല്‍ പര്‍ച്ചേസായാണ് വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരേ സാധനങ്ങള്‍ വാങ്ങുമ്പോള്‍ സ്പ്ലിറ്റ് പര്‍ച്ചേസ് പാടില്ലെന്ന നിബന്ധനകളും ഇവിടെ പാലിച്ചില്ല. പര്‍ച്ചേസ് രേഖകളില്‍ 14,358 രൂപ വിലയുള്ള വാട്ടര്‍ പ്യൂരിഫയറിന് പകരം 9099 രൂപ വിലയുള്ള പ്യൂരിഫയറാണ് കയ്യിലുള്ളത്. ഇത്തരത്തില്‍ വാട്ടര്‍പ്യൂരിഫയര്‍ വാങ്ങിയ വകയില്‍ മാത്രം 7 ലക്ഷത്തിലധികം രൂപയുടെ അഴിമതി നടന്നു. വിലകൂടിയ ഗ്രൈന്‍ഡറിന് പകരം മിക്‌സി നല്‍കി.
ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും വിഷയം വനിത-ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ചിന്നുക്കുട്ടന്‍ പറഞ്ഞു. ഫണ്ട് വിനിയോഗത്തെ കുറിച്ച് ബ്ലോക്ക് പഞ്ചായത്തിന് പരാതി ലഭിച്ചിരുന്നെന്നും അപ്പോള്‍ തന്നെ അഞ്ചംഗ കമ്മിറ്റിയെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. ബ്ലോക്ക് ഭരണസമിതിയിലെ സ്ഥിരം അംഗങ്ങളായ നിസാര്‍ (കണ്‍വീനര്‍), വൈസ് പ്രസിഡന്റ് മുംതാജ്, കെ.സി കൃഷ്ണന്‍, അനിത, പ്രസന്നകുമാരി എന്നിവരടങ്ങുന്ന കമ്മിറ്റിയായിരുന്നു അന്വേഷണം നടത്തിയത്. ജില്ലാ പഞ്ചായത്ത് ഓഫീസിലെ സീനിയര്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഈ ആഴ്ച റിപ്പോര്‍ട്ട് കിട്ടുമെന്നുമാണ് ജില്ലാ വനിത ശിശു വികസന ഓഫീസര്‍ പ്രംന ശങ്കര്‍ വിഷയത്തോട് പ്രതികരിച്ചത്.
Prathinidhi Online