പാലക്കാട്: ജോലി കഴിഞ്ഞ് മടങ്ങവേ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരുതറോഡ് സ്വദേശിനിക്ക് ദാരുണാന്ത്യം. കെഎസ്എഫ്ഇ പാലക്കാട് ടൗണ്‍ ബ്രാഞ്ച് അസിസ്റ്റന്റ് മാനേജര്‍ കരിങ്കരപ്പുള്ളി കാരക്കാട് ലാന്റ് ലിങ്ക്സ് ഗാര്ഡന് അഹലം വീട്ടില്‍ കെ.ഷെഹനയാണ് (37) മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6.10ന് ചന്ദ്രനഗറിലുള്ള ഐടിഐ റെസ്റ്റ് ഹൗസിന് സമീപമായിരുന്നു അപകടം. ജോലി കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം മടങ്ങുന്നതിനിടെയായിരുന്നു അപകടം.
നിയന്ത്രണംതെറ്റി ബൈക്ക് റോഡിലേക്ക് മറിയുകയായിരുന്നു. റോഡരികിലെ മണലിലും മെറ്റലിലും കയറിയാണ് ബൈക്ക് നിയന്ത്രണം വിട്ടതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. തെറിച്ചുവീണ ഷെഹനയുടെ തലയിലൂടെ പിന്നാലെയെത്തിയ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ ഷെഹന മരിച്ചു. ഷെഹനയുടെ ഭര്‍ത്താവും തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥനുമായ അബ്ദുല്‍ ജലീലിന് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. കാലിനും കൈക്കും പരിക്കേറ്റ ഇയാള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി.
പാലക്കാട് ട്രാഫിക് പോലീസിലെ എഎസ്ഐ മെഹ്റുബാനുവിന്റെയും കരീമിന്റെയും മകളാണ് മരിച്ച ഷെഹന. കസബ പോലീസും ഹൈവേ പോലീസും കഞ്ചിക്കോട് അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം കബറടക്കി. അല്ഹാന്, അഹിയാന്‍ എന്നിവര്‍ മക്കളാണ്.
Prathinidhi Online