പാലക്കാട്: പ്രതിദിന വരുമാനത്തില്‍ ചരിത്രം സൃഷ്ടിച്ച് കെഎസ്ആര്‍ടിസി. ഒറ്റദിവസം കൊണ്ട് 13.02 കോടിയെന്ന സുവര്‍ണ്ണ നേട്ടം തിങ്കളാഴ്ച കോര്‍പറേഷന്‍ നേടിയെടുത്തു. ടിക്കറ്റ് ഇനത്തില്‍ 12.18 കോടിയും ടിക്കറ്റിതര വരുമാനമായി 83.49 ലക്ഷം രൂപയുമാണ് തിങ്കളാഴ്ച ലഭിച്ചത്. കഴിഞ്ഞ സെപ്തംബര്‍ 8ന് 10.19 കോടിയായിരുന്നു കളക്ഷന്‍.
കെ.ബി ഗണേഷ് കുമാര്‍ മന്ത്രിയായ ശേഷം കെഎസ്ആര്‍ടിസി മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. ജീവനക്കാരുടെ സഹകരണവും പുതിയ പരിഷ്‌കരണങ്ങളും വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായകമായി. നിലവില്‍ എല്ലാ ഡിപ്പോകളും പ്രവര്‍ത്തന ലാഭത്തിലാണ്. 35 ഡിപ്പോകള്‍ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കുകയും ചെയ്തു. പുതിയ ബസുകള്‍ വാങ്ങിയതും ശബരിമല സീസണുമെല്ലാം വരുമാനം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.
പുതുതായി ബസുകള്‍ വാങ്ങാനുള്ള പുറപ്പാടിലാണ് കോര്‍പറേഷന്‍. പുതിയ ബസുകള്‍ കൂടി എത്തുന്നതോടെ വരുമാനം ഇനിയും വര്‍ദ്ധിച്ചേക്കുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സഹായമായി കെഎസ്ആര്‍ടിസിക്ക് 93.72 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചിരുന്നു. പെന്‍ഷന്‍ വിതരണത്തിന് 73.72 കോടിയും മറ്റ് ആവശ്യങ്ങള്‍ക്കായി 20 കോടിയുമാണ് നല്‍കിയത്.
ഈ സാമ്പത്തിക വര്‍ഷം 1201.56 കോടി സര്‍ക്കാര്‍ ധനസഹായമായി നല്‍കിയിട്ടുണ്ട്. പെന്‍ഷന്‍ വിതരണത്തിന് 731.56 കോടിയും പ്രത്യേക സഹായമായി 470 കോടിയും നല്‍കിയിരുന്നു. ബജറ്റില്‍ കോര്‍പറേഷനായി മാറ്റിവച്ചത് 900 കോടി രൂപയാണ്. ഇതിന് പുറമേ 301.56 കോടി രൂപ കൂടി കോര്‍പറേഷന് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
Prathinidhi Online