പാലക്കാട്: അന്തർസംസ്ഥാന റൂട്ടിൽ ആധിപത്യം സ്ഥാപിക്കാനായി പദ്ധതികളുമായി കെഎസ്‌ആർടിസി. ഇത്തരം റൂട്ടുകളിൽ ‘ഡൈനാമിക് പ്രൈസിങ്’ഏർപ്പെടുത്താൻ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ഇതുപ്രകാരം 50 ശതമാനം ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ നൽകും. തുടർന്നുളള 40 ശതമാനത്തിന് നിലവിലുള്ള നിരക്കാകും ഈടാക്കുക. ബാക്കിവരുന്ന പത്തുശതമാനം ടിക്കറ്റുകൾ ആവശ്യക്കാർ കൂടുന്നതനുസരിച്ച് നിരക്ക് കൂട്ടി വിൽക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ബംഗളൂരു, ചെന്നൈ, മൈസൂരു, കോയന്പത്തൂർ, മംഗളൂരു, മണിപ്പാൽ എന്നിവിടങ്ങളിലേക്കുള്ള പ്രീമിയം സർവീസുകളിലാണ് മാറ്റങ്ങൾ കൊണ്ടുവരുന്നത്. വെള്ളിയും ഞായറും ഒഴികെയുള്ള ദിവസങ്ങളിൽ പല സർവീസുകൾക്കും നിലവിൽ വേണ്ടത്ര യാത്രക്കാരില്ലാത്ത അവസ്ഥയാണ്. സ്വകാര്യ ബസുകൾ ഇൗ ഘട്ടങ്ങളിൽ നിരക്ക് കുറയ്‌ക്കും. ആവശ്യക്കാർ ഏറിയാൽ നിരക്ക് ഇരട്ടിയോ, രണ്ടിരട്ടിയോ ആക്കുകയും ചെയ്യുന്ന അവസ്ഥയാണ്. എറണാകുളം–ബംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസ് ആരംഭിച്ചതിനെതുടർന്ന് മധ്യകേരളത്തിൽനിന്ന് ഇൗ റൂട്ടിലേക്ക് ആളുകളുടെ കുറവുണ്ട്.
Prathinidhi Online