ക്ഷേത്രങ്ങൾ കണ്ടു കണ്ടൊരു യാത്ര;  “ടെമ്പിൾ കണക്ട്” പാക്കേജുമായി കെഎസ്ആർടിസി; ശബരിമലയും 72 ക്ഷേത്രങ്ങളും സന്ദർശിക്കാം

ക്ഷേത്രങ്ങൾ കണ്ടു കണ്ടൊരു യാത്രയായാലോ? അതും ശബരിമലയും കുളത്തൂപ്പുഴയും ആര്യങ്കാവ് ക്ഷേത്രവുമെല്ലാം ഒരൊറ്റ പാക്കേജിൽ കിട്ടിയാലോ? അത്തരമൊരു പാക്കേജുമായി മുന്നോട്ട് വന്നിരിക്കയാണ് കെ എസ് ആർ ടി സി. “ടെമ്പിൾ കണക്ട്” എന്ന് പേരിട്ടിരിക്കുന്ന പാക്കേജിൽ ഗ്രൂപ്പുകളായും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡുമായി ചേര്‍ന്നാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ (ബിടിസി) പാക്കേജ് തയ്യാറാക്കുന്നത്.

72 ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് യാത്ര.  ശബരിമല തീര്‍ഥാടനത്തിനു പോകുന്നവര്‍ക്ക് വഴിയിലുള്ള പ്രധാന ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താം. തീര്‍ഥാടന സീസണിലെ ആദ്യഘട്ടത്തില്‍ പമ്പയ്ക്ക് 1,600 ചാര്‍ട്ടേഡ് ട്രിപ്പും 72 ചാര്‍ട്ടേഡ് പാക്കേജും നടത്തും. ആവശ്യക്കാര്‍ കൂടിയാല്‍ പാക്കേജിന്റെ എണ്ണം കൂട്ടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വടക്കന്‍ ജില്ലകളിലുള്ളവർക്ക് രണ്ടുദിവസത്തെ പാക്കേജ് ആണ് നൽകുന്നത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവർക്ക് ഒരു ദിവസവും. ഒരു ഗ്രൂപ്പിനോ ഒന്നിലധികം ഗ്രൂപ്പുകള്‍ക്കോ സീറ്റ് ബുക്ക് ചെയ്യാം. 90 ശതമാനം ബുക്കിങ് ആയാല്‍ ഒരു ചാര്‍ട്ടേഡ് സര്‍വീസ് നടത്തും. ‘അയ്യപ്പ ദര്‍ശനം’ തീര്‍ഥാടന സേര്‍കിറ്റ് ആണ് പാക്കേജിന്റെ മറ്റൊരാകര്‍ഷണം.

അയ്യപ്പ ചരിത്രവുമായി ബന്ധപ്പെട്ട് പ്രാധാന്യമുള്ള കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍, പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രങ്ങള്‍ ബന്ധിപ്പിച്ചാണ് ഈ യാത്ര. ബിടിസി യാത്രക്കാര്‍ക്ക് പമ്പ ഡിപ്പോയില്‍ സൗജന്യ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വടക്കന്‍ ജില്ലകളിലുള്ളവര്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടുന്ന പാക്കേജ് തിരഞ്ഞെടുക്കാം. തെക്കന്‍ ഭാഗങ്ങളിലുള്ളവര്‍ക്ക് കൊട്ടാരക്കര ഗണപതീ ക്ഷേത്രം ഉള്‍പ്പെടുന്ന പാക്കേജുമുണ്ട്.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …