മൂന്നാര്‍: തൊഴിലാളികള്‍ക്ക് ശമ്പളവും പെന്‍ഷനും പോലും നല്‍കാനാവാതെ കിതച്ചുകൊണ്ടിരുന്ന കെഎസ്ആര്‍ടിസിയെ കുറിച്ചുള്ള വാര്‍ത്തകളായിരുന്നു കുറച്ചു നാള്‍ മുന്‍പുവരെ മാധ്യമങ്ങളില്‍. എന്നാലിപ്പോള്‍ അത്തരത്തിലുള്ള വാര്‍ത്തകളല്ല കെഎസ്ആര്‍ടിസിയില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്നത്. ഏറ്റവും ഒടുവിലായി മൂന്നാറില്‍ നിന്നും വരുന്ന ശുഭവാര്‍ത്തകള്‍ കെഎസ്ആര്‍ടിസിയുടെ ഭാവിയുടെ ശുഭപ്രതീക്ഷകളാണ് നല്‍കുന്നത്.
സഞ്ചാരികള്‍ ഏറെയുള്ള മൂന്നാര്‍ റൂട്ടില്‍ 9 മാസങ്ങള്‍ക്കു മുന്‍പാണ് ഡബിള്‍ ഡെക്കര്‍ ബസ്സിറക്കി ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ പരീക്ഷണ ഓട്ടം നടത്തിയത്. മൂന്നാറിന്റെ പ്രകൃതി ഭംഗിയും തേയിലക്കാടുകളിലൂടെയുള്ള യാത്രയുമെല്ലാമായി സഞ്ചാരികളുടെ മനം നിറയ്ക്കുന്ന കാഴ്ചകളായിരുന്നു കമ്പനി മുന്നോട്ട് വച്ചത്. ഒന്‍പത് മാസങ്ങള്‍ക്കിപ്പുറം വമ്പന്‍ ഹിറ്റായി മാറുകയാണ് ആ പരീക്ഷണം. ഒരുകോടിയിലധികം വരുമാനത്തിലേക്ക് മൂന്നാറിലെ ഡെബിള്‍ ഡെക്കര്‍ സര്‍വീസ് ഇതുവരെയായി നേടിത്തന്നു.
റോയല്‍ വ്യൂ എന്ന് പേരിട്ടിരിക്കുന്ന ബസ് കോടി ക്ലബില്‍ കയറിയതോടെ കൂടുതല്‍ ഡബിള്‍ ഡെക്കര്‍ ബസുകള്‍ റൂട്ടിലിറക്കാനുള്ള പദ്ധതിയിലാണ് വകുപ്പ്. യാത്രക്കാരുടെ വര്‍ധനവും ഡിമാന്റുമാണ് കൂടുതല്‍ ബസുകള്‍ ഇറക്കാനുള്ള തീരുമാനത്തിലേക്ക് വകുപ്പിനെ എത്തിച്ചത്.
യാത്ര എങ്ങനെ?
മൂന്നാര്‍ ഡിപ്പോയില്‍ നിന്ന് തുടങ്ങുന്ന സര്‍വീസ്, കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്പ് റോഡ്, ആനയിറങ്കല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് തിരികെ ഡിപ്പോയിലെത്തുന്നതാണ് യാത്ര. രാവിലെ 9 മണി, ഉച്ചയ്ക്ക് 12.30, വൈകീട്ട് 4 മണി എന്നിങ്ങനെയാണ് സര്‍വീസുകള്‍. താഴത്തെ നിലയില്‍ 11 പേര്‍ക്കും മുകളിലത്തെ നിലയില്‍ 39 പേര്‍ക്കും യാത്ര ചെയ്യാം. പുറം കാഴ്ചകള്‍ കാണാനായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ബസ്സാണിത്. ടിക്കറ്റ് ഓന്‍ലൈനായും അല്ലാതെയും ബുക്ക് ചെയ്യാന്‍ കഴിയും.
Prathinidhi Online