കുന്നുംപുറം/മണ്ണാര്‍ക്കാട്: പൂര്‍ണമായും ശീതീകരിച്ച ഹാള്‍, മനോഹരമായ അടുക്കള, വര്‍ണാഭമായ പ്രവേശന കവാടം. ആരേയും ഞെട്ടിപ്പിക്കുന്ന രീതിയിലൊരു മേയ്‌ക്കോവറാണ് കുന്നുംപുറം അങ്കണവാടിയുടേത്. എസി കൂടി എത്തിയതോടെ ജില്ലയിലെ ആദ്യത്തെ ശീതീകരിച്ച അങ്കണവാടിയായി കുന്നുംപുറം അങ്കണവാടി മാറി കുട്ടികള്‍ക്ക് കൈ കഴുകാന്‍ പ്രത്യേകം വാഷ്‌ബെയ്‌സിനും വൃത്തിയുള്ള ശുചിമുറിയുമെല്ലാമായി ഹൈടെക്കും ഹൈജീനുമാണ് ഈ അങ്കണവാടി. പരമ്പരാഗത രീതിയില്‍ മഞ്ഞ ബോര്‍ഡില്‍ അങ്കണവാടി എന്നെഴുതുന്നതിന് പകരം പല നിറങ്ങളിലാണ് അങ്കണവാടിയുടെ പേരെഴുതിയത്.
തെങ്കര ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ പുഞ്ചക്കോടാണ് കുന്നുംപുറം അങ്കണവാടി സ്ഥിതി ചെയ്യുന്നത്. 600 ചതുരശ്ര അടിയിലാണ് കെട്ടിടം നിര്‍മിച്ചത്. ശിശു സൗാഹാര്‍ദ്ദപരമായാണ് അങ്കണവാടി നിര്‍മിച്ചിരിക്കുന്നത്. കാറ്റും വെളിച്ചവും കിട്ടാനായി ബേ വിന്‍ഡോകള്‍ നിര്‍മിച്ചു. അടുക്കളയ്ക്ക് പുറമെ സൗകര്യങ്ങളോട് കൂടിയ സ്‌റ്റോര്‍ റൂം, സ്മാര്‍ട്ട് ടിവി, വൈ ഫൈ കണക്ഷന്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. വാര്‍ഡ് മെമ്പറും ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ കെ.പി ജഹീറാണ് നല്‍കിയത്. നിലവില്‍ 15ലധികം വിദ്യാര്‍ത്ഥികള്‍ അങ്കണവാടിയിലുണ്ട്.

അങ്കണവാടിയുടെ ഉദ്ഘാടനം സെപ്തംബര്‍ 11ന് എന്‍. ഷംസുദ്ദീന്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും വാര്‍ഡ് മെമ്പറുമായ കെ.പി ജഹീഫിന്റെ ശ്രമഫലമായാണ് അങ്കണവാടി സ്മാര്‍ട്ടായത്. ഓരോ കുട്ടിക്കും ഓരോ കസേരയും മേശയും കൂടി സജ്ജീകരിക്കുക എന്നതാണ് ഇനി ഭരണസമിതിക്ക് മുന്‍പിലുള്ള ലക്ഷ്യം. ചുറ്റുമതിലും മുറ്റം കട്ടവിരിക്കല്‍ നടപടികളും പുരോഗമിക്കുകയാണ്. സമീപത്തെ അഴുക്കുചാലില്‍ സ്ലാബ് ഇടുന്നതിന്റെ പണികളും പുരോഗമിക്കുന്നുണ്ട്.
അങ്കണവാടിയുടെ ചുറ്റുമതിലും അഴുക്കുചാല്‍ നവീകരണവും ഉള്‍പ്പെടെ 35 ലക്ഷം രൂപയാണ് ചിലവ്. ഐസിഡിഎസ് രണ്ട് ലക്ഷവും എന്‍ആര്‍ഇജിഎസ് എട്ട് ലക്ഷവും ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷവും നല്‍കി. ബാക്കി തുക പഞ്ചായത്താണ് അനുവദിച്ചത്. എസി നല്‍കിയത് വാര്‍ഡ് മെമ്പര്‍ തന്നെയായ ജഹീഫാണ്. അങ്കണവാടിയില്‍ നീന്തല്‍ കുളം കൂടി നിര്‍മിക്കണമെന്നാണ് ആഗ്രഹമെന്ന് ജഹീഫ് പറഞ്ഞു.
Prathinidhi Online