കണ്ണൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ മൂന്ന് സിപിഎം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ തളിയില്‍, കോടല്ലൂര്‍ ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രികയാണ് തള്ളിയത്. ഒപ്പിട്ടത് തങ്ങളല്ലെന്ന് നാമനിര്‍ദേശകര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ സാക്ഷ്യം പറഞ്ഞതോടെയാണ് പത്രിക തള്ളിയത്. സ്ഥാനാര്‍ഥികളെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തി, സിപിഎം ഏകാധിപത്യം നടപ്പാക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് കുറ്റപ്പെടുത്തി.
കണ്ണപുരം പഞ്ചായത്തിലും പത്രികകള്‍ തള്ളിയിട്ടുണ്ട്. ഇതോടെ രണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരാളികളില്ലാതായി. നേരത്തേ തര്‍ക്കമുണ്ടായിരുന്ന കോള്‍മൊട്ട ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ചിട്ടുണ്ട്. കോള്‍മൊട്ടയില്‍ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിച്ച 26ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചിട്ടുണ്ട്. കണ്ണപുരം പഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതോടെ എല്‍ഡിഎഫിലെ ടിഇ മോഹനനും ഒന്നാംവാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതോടെ എല്‍ഡിഎഫിലെ ഉഷ മോഹനനും എതിരാളികളില്ലാതായി. ഇതോടെയാണ് അഞ്ചിടത്ത് മത്സരമില്ലാതെ എല്‍ഡിഎഫ് ജയിച്ചുകയറിയത്.
ഇതോടെ 29 ഡിവിഷനുകളില്‍ അഞ്ചിടത്ത് എതിരില്ലാതെ സിപിഎം തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ധര്‍മ്മശാല ടൗണില്‍ എല്‍ഡിഎഫ് ആഹ്‌ളാദപ്രകടനം നടത്തി. ഭീഷണിയിലൂടെ ജനാധിപത്യത്തെ സിപിഎം കശാപ്പുചെയ്‌തെന്ന ആരോപണമുന്നയിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്.
Prathinidhi Online