പാലക്കാട്: വാളയാര്‍ മലബാര്‍ സിമന്റ്‌സ് ലിമിറ്റഡ് പ്ലാന്റ് പരിസരത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ക്കുള്‍പ്പെടെ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. നവംബര്‍ 8ന് രാത്രി 11.30ഓടെ ഇലക്ട്രിക്കല്‍ ലോഡിംഗ് സെന്റര്‍-1 ന്റെ പരിസരത്താണ് പുലിയെ കണ്ടതായി വിവരം ലഭിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വനം വകുപ്പും ഇത് സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പ്ലാന്റിലെ തൊഴിലാളികള്‍ക്ക് മാനേജ്മന്റ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
എല്ലാ ജീവനക്കാരും ജാഗ്രത പാലിക്കണമെന്നും രാത്രി സമയങ്ങളില്‍ ഒറ്റയ്ക്ക് വിജനമായ പ്രദേശങ്ങളില്‍ സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നും മലബാര്‍ സിമന്റ്‌സ് തൊഴിലാളികള്‍ക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു. സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ സെക്യൂരിറ്റി വിഭാഗം ഉള്‍പ്പെടെയുള്ള പ്ലാന്റിലെ അധികൃതരെ അറിയിക്കണമെന്നും നോട്ടീസിലുണ്ട്.

Prathinidhi Online