മലമ്പുഴയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം; സ്‌കൂളിനു സമീപം പുലി മടയെന്ന് നാട്ടുകാര്‍

പാലക്കാട്: മലമ്പുഴയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം. മലമ്പുഴ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് പുലിയെ കണ്ടതായി പ്രദേശവാസികളാണ് അറിയിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് തോട്ടം നനയ്ക്കാനെത്തിയ തൊഴിലാളികള്‍ പുലിയെ കണ്ടത്. സ്‌കൂളിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും പുലിയുടെ ശബ്ദം കേട്ടതായും സമീപവാസികള്‍ പറയുന്നു. സ്‌കൂള്‍ മതിലില്‍ പുലിയെ കണ്ടതായി വിദ്യാര്‍ത്ഥികളും പറയുന്നു. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണം കഴിച്ച് കൈ കഴുകാനെത്തിയപ്പോഴാണ് പുലിയെ കണ്ടത്. കുട്ടികളെ കണ്ടതോടെ പുലി സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയതായാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പ്രദേശത്ത് പുലിയെത്തിയത് നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. പ്രദേശത്ത് നടത്തിയ പരിശോധനയില്‍ പുലിയുടെ കാല്‍പാടുകള്‍ കണ്ടെത്തി. പുലിയുടെ സാന്നിധ്യം സ്‌കൂള്‍ പരിസരത്തുള്ളതായി വനം വകുപ്പ് സ്ഥിരീകരിച്ചു. മലമ്പുഴ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ജവാഹര്‍ നവോദയ സ്‌കൂള്‍, ഗിരിവികാസ്, മലമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം, പോലീസ് സ്‌റ്റേഷന്‍, ജില്ലാ ജയില്‍, ജലസേചന വകുപ്പ് ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്.

ഒരാഴ്ച മുന്‍പ് മലമ്പുഴ പോലീസിന്റെ വാഹനത്തിന് മുന്നിലൂടെ പുലി പോയിരുന്നു. അതേസമയം മലമ്പുഴ ഹയര്‍ സെക്കണ്ടറി സ്‌കൂളിനും ജില്ലാ ജയിലിനും ഇടയിലുള്ള കുറ്റിക്കാട്ടില്‍ ഒരു ചെറിയ ഗുഹ കണ്ടെത്തിയിട്ടുണ്ട്. ഇത് പുലിമടയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനടുത്ത് നിന്ന് പുലിയുടെതെന്ന് സംശയിക്കുന്ന കാല്‍പാടുകളും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് കൂട് സ്ഥാപിച്ച് പുലിയെ ഉടനെ പിടികൂടണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മലമ്പുഴ സ്‌കൂളിനു സമീപത്തായി ജലസേചന വകുപ്പിന്റെ കാടുപിടിച്ചു കിടക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ വന്യമൃഗങ്ങളുടെ വിശ്രമ കേന്ദ്രമാണെന്നാണ് നാട്ടുകാരുടെ പരാതി. മൂന്നു വര്‍ഷം മുന്‍പ് ക്വാര്‍ട്ടേഴ്‌സുകളിലൊന്നില്‍ പുലിക്കുട്ടിയെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം കാട്ടുപന്നി ഇവിടെ പ്രസവിച്ചു കിടക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഈ പ്രദേശം വെട്ടിത്തെളിച്ച് അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. വകുപ്പിന്റെ 150 ക്വാര്‍ട്ടേഴ്‌സുകളാണ് ഇവിടെയുള്ളത്. ഇതില്‍ പലതും തകര്‍ന്ന അവസ്ഥയിലാണ്.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …