പാലക്കാട്: ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനവും കുടുംബ സംഗമത്തിന്റേയും ഉദ്ഘാടനം തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിച്ചു. പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ ലൈഫ് പട്ടികയിലുള്ള 1047 പേരില്‍ 220 പേര്‍ക്ക് ഭവന നിര്‍മ്മാണം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ഇതിനായി 9.10 കോടി രൂപയാണ് ചിലവഴിച്ചത്. ബാക്കിവരുന്ന എഗ്രിമെന്റ് വെച്ച മുഴുവന്‍ ആളുകള്‍ക്കും ആദ്യഘഡു നല്‍കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ലൈഫ് പദ്ധതിയില്‍ പെട്ട 1,33,595 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ലൈഫ് പദ്ധതിയിലൂടെ 4,64,304 കുടുംബങ്ങള്‍ക്കാണ് വീട് നല്‍കിയത്. പരിപാടിയില്‍ എ. പ്രഭാകരന്‍ എംഎല്‍എ മുഖ്യാതിഥിയായി. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസീതയുടെ അധ്യക്ഷതയില്‍ ഇ.കെ നായനാര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ബിജോയ്, ജില്ലാ പഞ്ചായത്ത് അംഗം പത്മിനി ടീച്ചര്‍, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വാര്‍ഡ് മെമ്പര്‍മാര്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Prathinidhi Online