ഫിഫ അനുമതി ലഭിച്ചില്ല;മെസ്സിയും സംഘവും ഈ വര്‍ഷം കേരളത്തിലേക്കില്ല

പാലക്കാട്: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ നിരാശയിലാഴ്ത്തി മെസിപ്പട നവംബറില്‍ കേരളത്തിലേക്ക് എത്തില്ലെന്ന് സ്‌പോണ്‍സര്‍ സ്ഥിരീകരിച്ചു. മത്സരം നടത്താന്‍ ഫിഫ അനുമതി ലഭിച്ചില്ലെന്ന് സ്‌പോണ്‍സര്‍മാരിലൊരാളായ ആന്റോ അഗസ്റ്റിന്‍ സമൂഹ മാധ്യമത്തിലൂടെയാണ് വ്യക്തമാക്കിയത്. നവംബര്‍ 17ന് അര്‍ജന്റീന ടീം കൊച്ചിയില്‍ കളിക്കും എന്നായിരുന്നു സര്‍ക്കാരും സ്‌പോണ്‍സറും നേരത്തേ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ കേരളം മത്സരത്തിന് സജ്ജമല്ലെന്നാണ് എഎഫ്എ (അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍) ഭാരവാഹികളെ ഉദ്ധരിച്ച് അര്‍ജന്റീനയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മത്സരം നടക്കുന്ന കൊച്ചി സ്‌റ്റേഡിയത്തിലെ നവീകരണ ജോലികള്‍ തുടങ്ങിയെങ്കിലും നിശ്ചിത സമയത്ത് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.

ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ച് നവംബറിലെ മത്സരം മാറ്റിവയ്ക്കാന്‍ എഫ്എയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി എന്നാണ് സ്‌പോണ്‍സര്‍ പറയുന്നത്. അതേസമയം, മാര്‍ച്ചില്‍ അര്‍ജന്റീന ടീം കേരളത്തിലെത്തുമെന്നും സ്‌പോണ്‍സര്‍ പറഞ്ഞു. നവംബറില്‍ അംഗോളയില്‍ മാത്രമാണ് അര്‍ജന്റീന സൗഹൃദ മത്സരം കളിക്കുന്നത്. കേരള മത്സരത്തില്‍ അര്‍ജന്റീനയുടെ എതിരാളികളാകുമായിരുന്ന ഓസ്‌ട്രേലിയന്‍ ടീമും കേരളത്തിലേക്ക് എത്തില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

2011 സെപ്തംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലക്കെതിരായ സൗഹൃദ മത്സരമായിരുന്നു അത്. അര്‍ജന്റീന നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.

comments

Check Also

ആലപ്പുഴയില്‍ 4 പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13785 വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അസുഖബാധ …