തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി;  ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

പാലക്കാട്: തദ്ദേശ പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി.  ജില്ലയിലെ 20 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 13 ബ്ലോക്ക് തല കേന്ദ്രങ്ങളില്‍ വച്ച് പഞ്ചായത്തുകളുടെയും ഏഴ് നഗരസഭാ തലങ്ങളില്‍ അതത് നഗരസഭകളുടെയും വോട്ടുകളാണ് എണ്ണുന്നത്. ഇതു കൂടാതെ ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ എണ്ണും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വരണാധികാരികളുടെ ടേബിളിൽ എണ്ണും. പോസ്റ്റല്‍ ബാലറ്റുകള്‍ എട്ട് മണിയോടെയാണ് എണ്ണിത്തുടങ്ങിയത്.

രാവിലെ 7.45 ന് സ്‌ട്രോങ് റൂമുകള്‍ തുറന്നു. സ്ട്രോങ് റൂം തുറന്നത് വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു. അവിടെ നിന്ന് ഓരോ വാര്‍ഡിലെയും മെഷീനുകള്‍ ഓരോ ഗ്രാമ പഞ്ചായത്തിനും പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടിങ് ഹാളിലേക്ക് വോട്ടെണ്ണുന്നതിനായി കൊണ്ടു പോകും. EVM വോട്ടെണ്ണല്‍ രാവിലെ 8.30-തോടെയാണ് ആരംഭിക്കുക. വോട്ടെണ്ണലിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ മാത്രമാണ് സ്‌ട്രോങ്ങ് റൂമുകളില്‍ നിന്നും ടേബിളുകളില്‍ എത്തിക്കുക. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ EVM വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലാണ്.

വാര്‍ഡുകളുടെ ക്രമനമ്പര്‍ പ്രകാരമായിരിക്കും വോട്ടിങ് മെഷീനുകള്‍ ഓരോ കൗണ്ടിങ് ടേബിളിലും വയ്ക്കുക. ഒരു വാര്‍ഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും മെഷീനുകള്‍ ഒരു ടേബിളിള്‍ തന്നെ ആയിരിക്കും എണ്ണുക. സ്ഥാനാര്‍ത്ഥിയുടെയോ സ്ഥാനാര്‍ത്ഥികള്‍ നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബിളിലും വോട്ടെണ്ണുക. പരമാവധി എട്ടു വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ ഒരു വോട്ടെണ്ണല്‍ ടേബിളില്‍ എണ്ണും. ആയതനുസരിച്ച് ഓരോ പഞ്ചായത്തിലെയും ബൂത്തുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ ടേബിളുകള്‍ വോട്ടെണ്ണല്‍ സെന്ററില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ടേബിളില്‍ വെക്കുന്ന കണ്‍ട്രോള്‍ യൂണിറ്റില്‍ സീലുകള്‍, സ്പെഷ്യല്‍ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാര്‍ഥികളുടെയോ, ഇലക്ഷന്‍ ഏജന്റുമാരുടെയോ കൗണ്ടിങ് ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നും ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെ വോട്ടുനില ലഭിക്കും. തുടര്‍ന്ന്, ബ്ലോക്ക്പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെയും ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെയും വോട്ടുവിവരം കിട്ടും. ഓരോ കണ്‍ട്രോള്‍ യൂണിറ്റിലെയും ഫലം അപ്പോള്‍ തന്നെ കൗണ്ടിങ് സൂപ്പര്‍വൈസര്‍ അതാത് റിസള്‍ട്ട് ഷീറ്റുകളില്‍ രേഖപ്പെടുത്തി വരണാധികാരിക്ക് നല്‍കും. ഒരു വാര്‍ഡിലെ അല്ലെങ്കില്‍ ഡിവിഷനിലെ പോസ്റ്റല്‍ ബാലറ്റുകളും എല്ലാ ബൂത്തുകളിലെയും EVM വോട്ടുകളും എണ്ണി തീരുന്ന മുറയ്ക്ക് അത് രണ്ടും ചേര്‍ത്ത് കൂടുതല്‍ വോട്ടു കിട്ടുന്ന സ്ഥാനാര്‍ത്ഥി വിജയിച്ചതായി അതാത് വരണാധികാരിമാര്‍ ഫലപ്രഖ്യാപനം നടത്തും.

വരണാധികാരി അനുവദിക്കുന്ന വ്യക്തികളെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കൗണ്ടിങ് ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, ഇലക്ഷന്‍ ഏജന്റുമാര്‍, കൗണ്ടിംഗ് ഏജന്റുമാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളത്.

മുന്‍സിപ്പാലിറ്റികളും വോട്ടെണ്ണല്‍ കേന്ദ്രങ്ങളും

  • ഷൊര്‍ണ്ണൂര്‍ മുന്‍സിപ്പാലിറ്റി -ഷൊര്‍ണ്ണൂര്‍ സെന്റ. തെരാസസ് കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
  • ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി– എല്‍.എസ്.എന്‍.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
  • പാലക്കാട് മുന്‍സിപ്പാലിറ്റി- മുന്‍സിപ്പാലിറ്റി ഹാള്‍ (പുതിയ കെട്ടിടം ഗ്രൗണ്ട് ഫ്‌ലോര്‍)
  • ചിറ്റൂര്‍ മുന്‍സിപ്പാലിറ്റി– അമ്പാട്ടുപാളയം തത്തമംഗലം മുനിസിപ്പല്‍ ഓഫീസ്
  • പട്ടാമ്പി മുന്‍സിപ്പാലിറ്റി- പട്ടാമ്പി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍
  • ചെര്‍പ്പുളശ്ശേരി മുന്‍സിപ്പാലിറ്റി– ചെര്‍പ്പുളശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (മെയിന്‍ ബ്ലോക്ക്)
  • മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി- കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

 

ബ്ലോക്ക് പഞ്ചായത്തുകളും വോട്ടെണ്ണല്‍ കേന്ദ്രങ്ങളും

  • തൃത്താല ബ്ലോക്ക്- കൂറ്റനാട് വട്ടേനാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
  • പട്ടാമ്പി ബ്ലോക്ക്– പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്‌കൃത കോളേജ്
  • ഒറ്റപ്പാലം ബ്ലോക്ക്– ഒറ്റപ്പാലം എന്‍.എസ്.എസ്.കെ.പി.ടി വൊക്കേഷണല്‍ ഹൈസ്‌കൂള്‍ ആന്‍ഡ് എന്‍.എസ്.എസ്.ബി.എഡ് ട്രെയിനിങ് കോളേജ്
  • ശ്രീകൃഷ്ണപുരം ബ്ലോക്ക്- ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
  • മണ്ണാര്‍ക്കാട് ബ്ലോക്ക്– മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
  • അട്ടപ്പാടി ബ്ലോക്ക്– അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്
  • പാലക്കാട് ബ്ലോക്ക്- കല്ലേക്കാട് വ്യാസ വിദ്യാപീഠം, സെന്‍ട്രല്‍ സ്‌കൂള്‍
  • കുഴല്‍മന്ദം ബ്ലോക്ക്– പെരിയപാലം സി എ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
  • ചിറ്റൂര്‍ ബ്ലോക്ക്- കൊഴിഞ്ഞാംപാറ നാട്ടുകല്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്
  • കൊല്ലങ്കോട് ബ്ലോക്ക്– കൊല്ലങ്കോട് ബി.എസ്.എസ്.എസ്.എച്ച്.എസ്.എസ് സ്‌കൂള്‍
  • നെന്മാറ ബ്ലോക്ക്– നെന്മാറ എന്‍എസ്എസ് കോളേജ്
  • മലമ്പുഴ ബ്ലോക്ക്- പാലക്കാട് വിക്ടോറിയ കോളേജ്
  • ആലത്തൂര്‍ ബ്ലോക്ക്– ആലത്തൂര്‍ എ എസ് എം എം എച്ച് എസ് എസ്
comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …