തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്. ശുചിത്വവുമായി ബന്ധപ്പെട്ട വകുപ്പ് നിർദ്ദേശിക്കുന്ന പ്രവൃത്തികൾ വിജയകരമായി പൂര്‍ത്തിയാക്കുന്ന അന്‍പതിനായിരം കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. സമൂഹ മാധ്യമത്തിലൂടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
സ്വന്തം വീട്ടിലെ മാലിന്യ സംസ്‌കരണം നിരീക്ഷിക്കലിലും മെച്ചപ്പെടുത്തലിലും തുടങ്ങി സമീപപ്രദേശങ്ങളിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യ സംസ്‌കരണ രീതികള്‍ മനസ്സിലാക്കലും നിര്‍ദ്ദേശങ്ങള്‍ നല്‍കലുമെല്ലാം സ്കോളർഷിപ്പിനായി പരിഗണിക്കും. എങ്ങനെ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാം, മാലിന്യത്തിന്റെ തരംതിരിക്കല്‍ രീതികള്‍ മനസ്സിലാക്കല്‍, മാലിന്യത്തിന്റെ അളവ് കുറയ്ക്കാനുള്ള ശ്രമങ്ങള്‍, തുടങ്ങിയ വിവിധ തരത്തിലുള്ള ഇടപെടലുകളെ അടിസ്ഥാനമാക്കിയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുകയെന്ന് മന്ത്രി പറഞ്ഞു. 6, 7, 8, 9, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. മാലിന്യമുക്തമായ കേരളം ഒരുക്കാനും നിലനിര്‍ത്താനും പുതുതലമുറയുടെ സഹകരണവും പിന്തുണയും അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു,
Prathinidhi Online