പാലക്കാട്: ചരിത്രത്തിലെ റെക്കോർഡ് പോളിങ് നടന്ന വടക്കൻ ജില്ലകളിലെ തദ്ദേശ പോരിൻ്റെ വിധി ഇന്നറിയാം. നിയമസഭ തിരഞ്ഞെടുപ്പിൻ്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന മത്സരത്തിൻ്റെ ഫലം മുന്നണികൾക്കെല്ലാം നിർണായകമാണ്. വോട്ടെണ്ണൽ എട്ടിന് ആരംഭിക്കും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ഇതു കൂടാതെ 14 ജില്ലാപഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് അതത് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ കലക്ട്രേറ്റുകളിലായിരിക്കും.
ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ആദ്യം ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റൽ ബാലറ്റുകൾ അതത് വരണാധികാരികളുടെ ടേബിളിൽ എണ്ണും. തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. സ്‌ട്രോംഗ് റൂം തുറക്കുന്നത് വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകർ, സ്ഥാനാർഥികൾ, ഏജന്റുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും. അവിടെ നിന്ന് ഓരോ വാർഡിലെയും മെഷീനുകൾ കൗണ്ടിങ് ഹാളിലേക്ക് വോട്ടെണ്ണുന്നതിനായി കൊണ്ടു പോയിട്ടാണ് വോട്ടെണ്ണുക.
Prathinidhi Online