തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാതല മോണിട്ടറിങ് സമിതി രൂപീകരിച്ചു

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ മോണിറ്ററിങ് സമിതി രൂപീകരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് മോണിറ്ററിങ് സമിതി രൂപീകരിച്ചത്. ഡിസംബര്‍ 9, 11 തീയതികളില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിങ്കളാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും സ്ഥാനാര്‍ഥികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുന്നയിക്കുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനും വേണ്ടിയാണ് സമിതി രൂപീകരിച്ചിട്ടുള്ളത്. ഇതിന് പുറമെ പരാതികളില്‍ ഉടന്‍ പരിഹാര നടപടി സ്വീകരിക്കേണ്ടതും ജില്ലാതല മോണിറ്റങ് കമ്മിറ്റികളാണ്.

ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടറാണ് സമിതിയുടെ ചെയര്‍മാന്‍. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ കണ്‍വീനറാണ്. ജില്ലാ പൊലീസ് ചീഫ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ സമിതിയിലെ അംഗങ്ങളാണ്. മാതൃകാപെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ ഉടന്‍ പരിഹാരം കാണുന്നതിന് ഈ കമ്മിറ്റി പ്രത്യേക ശ്രദ്ധ നല്‍കണം. ആവശ്യമെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും കമ്മിറ്റിക്ക് കഴിയും. ഏതെങ്കിലും വിഷയത്തില്‍ കമ്മീഷന്റെ ഇടപെടല്‍ ആവശ്യമെങ്കില്‍, റിപ്പോര്‍ട്ട് സഹിതം ഉടന്‍ തന്നെ സംസ്ഥാന കമ്മീഷന് തുടര്‍നടപടികള്‍ക്കായി അയക്കും.

ജില്ലാ മോണിറ്ററിങ് സമിതിയുടെ യോഗം രണ്ട് ദിവസത്തിലൊരിക്കല്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എന്നാല്‍ അടിയന്തര പ്രാധാന്യമുള്ള സാഹചര്യങ്ങളില്‍ ഉടന്‍ തന്നെ യോഗം ചേരുകയും നടപടി സ്വീകരിക്കുകയും ചെയ്യാം.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …