മലമ്പുഴ ജലസേചന കനാലുകള്‍ നവീകരിക്കുന്നു; 200 കോടിയുടെ പദ്ധതിക്ക് അനുമതി

പാലക്കാട്: മലമ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായ കനാലുകള്‍ നവീകരിക്കാന്‍ 200 കോടിയുടെ പദ്ധതിക്ക് ഭരണാനുമതിയായി. കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന കേരപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കനാലുകള്‍ നവീകരിക്കുക. ടെന്‍ഡര്‍ നടപടികള്‍ കൂടി പൂര്‍ത്തിയാകുന്ന മുറയ്ക്ക് നിര്‍മ്മാണ പ്രവൃത്തികളുള്‍പ്പെടെയുള്ളവ ആരംഭിക്കും.

ടൂറിസ്റ്റുകളുടേയും റീല്‍സ് എടുക്കുന്നവരുടേയുമെല്ലാം ഇഷ്ട ലൊക്കേഷനായ പഴയ ബ്രിട്ടീഷ് പാലം ബലപ്പെടുത്തുന്ന നടപടികളും പദ്ധതിയുടെ ഭാഗമായി നടക്കും. ജലസേചന വിഭാഗത്തിനാണ് പദ്ധതിയുടെ നിര്‍മ്മാണച്ചുമതല. മലമ്പുഴ ഡാമില്‍ നിന്ന് ഇടതു, വലതുകര കനാല്‍ വഴി 22000 ഹെക്ടര്‍ കൃഷി സ്ഥലത്തേക്കാണ് പദ്ധതി വഴി വെള്ളമെത്തിക്കുന്നത്. പുതിയ പദ്ധതി പ്രകാരം 31.6 കിലോമീറ്ററുള്ള ഇടതുകര (എല്‍ബിസി) കനാലാണ് നവീകരിക്കുന്നത്. മലമ്പുഴ ഡാമില്‍ നിന്ന് ജലസേചനത്തിനായി ആദ്യം നിര്‍മ്മിച്ച കനാലും ഇടതുകരയാണ്. ഘട്ടം ഘട്ടമായി നീളം കൂട്ടി കനാല്‍ വികസിപ്പിക്കുകയായിരുന്നു. 15 വലിയ ബ്രാഞ്ച് കനാലുകളും 47 ഫീല്‍ഡ് കനാലുകളും ഇതിന്റെ ഭാഗമായുണ്ട്. ഇതുവഴി 17,050 ഹെക്ടറിലേക്ക് വെള്ളമെത്തിക്കുന്നുണ്ടെന്നാണ് കണക്ക്.

പദ്ധതിയിലുള്‍പ്പെടുത്തി കരിങ്കരപ്പുള്ളിയിലും കൊട്ടേക്കാടുമുള്ള ബ്രിട്ടീഷ് പാലങ്ങളുടെ നവീകരണങ്ങളും നടക്കും. പാലങ്ങള്‍ക്ക് ചോര്‍ച്ചയും പാളികള്‍ അടര്‍ന്നു വീഴുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ ബലക്ഷയമില്ലെന്നാണ് വിലയിരുത്തല്‍.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …