പാലക്കാട്: മലമ്പുഴയില്‍ അധ്യാപകന്‍ മദ്യം നല്‍കി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. അധ്യാപകനായ അനില്‍ കൂടുതല്‍ കുട്ടികളെ പീഡിപ്പിച്ചതായി യുപി വിഭാഗത്തിലെ ആണ്‍കുട്ടികള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മൊഴി നല്‍കി. അധ്യാപകന്‍ ചില കുട്ടികളെ താമസിക്കുന്ന സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചെന്നും അധ്യാപകന്റെ ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുണ്ടെന്നും മൊഴിയിലുണ്ട്.
തങ്ങളെ പീഡിപ്പിച്ചതായി 5 കുട്ടികള്‍ മലമ്പുഴ പോലീസില്‍ പരാതി നല്‍കി. തെളിവുകള്‍ ശേഖരിക്കാനും തുടര്‍ അന്വേഷണത്തിനുമായി അധ്യാപകന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ആദ്യഘട്ടത്തില്‍ കൗണ്‍സിലിങ് നല്‍കിയ വിദ്യാര്‍ത്ഥികളാണ് സമാന ദുരനുഭവം നേരിട്ടതായി മൊഴി നല്‍കിയത്. മറ്റ് കുട്ടികള്‍ക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കൗണ്‍സിലിങ് നല്‍കും. യുപി ക്ലാസുകളിലെ ആണ്‍ കുട്ടികളാണ് പീഡനത്തിനിരയായത്.
സ്‌കൂള്‍ കായിക മത്സരത്തില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് അധ്യാപകന്‍ വിരുന്ന് നല്‍കിയിരുന്നു. ഇതില്‍ വരാതിരുന്ന കുട്ടിയെയാണ് തന്റെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തി മദ്യം നല്‍കി പീഡിപ്പിച്ചത്. കുട്ടി വിവരം തന്റെ സുഹൃത്തിനോട് പറഞ്ഞതോടെയാണ് സംഭവത്തെ കുറിച്ച് പുറംലോകമറിയുന്നത്. സഹപാഠി തന്റെ അമ്മയോട് വിവരം പറയുകയും അമ്മ സ്‌കൂള്‍ അധികൃതര്‍ ഉള്‍പ്പെടെയുള്ളവരെ അറിയിക്കുകയുമായിരുന്നു. അതേസമയം വിവരമറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനേയോ മറ്റ് അധികൃതരേയോ വിവരമറിയിച്ചില്ലെന്ന് കണ്ടെത്തിയിരുന്നു. വിഷയം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാത്തതിന് സ്‌കൂള്‍ മാനേജരെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് എഇഒ വിദ്യഭ്യാസ ഉപ ഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
Prathinidhi Online