പാലക്കാട്: ശബരിമലയില്‍ മണ്ഡല തീര്‍ത്ഥാടന സീസണില്‍ സന്നിധാനത്തെത്തിയത് റെക്കോര്‍ഡ് ഭക്തര്‍. സീസണില്‍ തീര്‍ത്ഥാടകരുടെ എണ്ണം 25 ലക്ഷം കവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. തീര്‍ത്ഥാടകര്‍ കൂടിയെങ്കിലും ദര്‍ശനത്തിന് തടസ്സമില്ലാത്ത രീതിയില്‍ ക്രമീകരണങ്ങള്‍ ചെയ്തതായി ശബരിമല ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 21 ലക്ഷത്തിനടുത്ത് ഭക്തരാണ് ക്ഷേത്ര ദര്‍ശനം നടത്തിയത്. ആദ്യ ദിവസങ്ങളില്‍ കനത്ത തിരക്ക് അനുഭവപ്പെട്ടിരുന്നുവെങ്കിലും സമയബന്ധിതമായ ഇടപെടലുകളിലൂടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായി എഡിജിപി കൂട്ടിച്ചേര്‍ത്തു.
തീര്‍ത്ഥാടകര്‍ വെര്‍ച്വല്‍ ക്യൂ പാസുകളില്‍ വ്യക്തമാക്കിയ തീയതിയില്‍ എത്താത്തത് താല്‍ക്കാലിക തിരക്കിന് കാരണമാകുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സീസണില്‍ വാരാന്ത്യങ്ങളില്‍ തിരക്ക് താരതമ്യേന കുറവാണെന്നും പ്രവൃത്തി ദിവസങ്ങളില്‍ തീര്‍ത്ഥാടകരുടെ ഒഴുക്ക് കൂടുതലാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഡിസംബര്‍ അവസാനത്തോടെ തിരക്ക് രൂക്ഷമാകുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. മണ്ഡല പൂജ ഡിസംബര്‍ 27 നാണ്.
Prathinidhi Online