മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. പ്രസവത്തിന് ശേഷം അസഹ്യമായ വയറുവേദന അനുഭവപ്പെട്ട യുവതി ഡോക്ടര്‍മാരെ ചികിത്സയ്ക്കായി സമീപിച്ചെങ്കിലും മതിയായ ചികിത്സയോ പരിശോധനകളോ ലഭിച്ചില്ലെന്ന് യുവതി പറയുന്നു. രണ്ടര മാസത്തിന് ശേഷം മൂത്രത്തോടൊപ്പം ഒരു കെട്ട് തുണി വയറ്റില്‍ ദുര്‍ഗന്ധത്തോടൊപ്പം പുറത്ത് വന്നതായും ഇവര്‍ പറഞ്ഞു. മെഡിക്കല്‍ കോളജിലെ സ്ത്രീരോഗ വിഭാഗം ഡോക്ടര്‍ക്കെതിരെ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

ഒക്ടോബര്‍ 10ാം തിയ്യതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു യുവതിയുടെ പ്രസവം. 25ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് വേദനയുമായി സമീപിച്ചപ്പോള്‍ വെള്ളം കുടിക്കാന്‍ നിര്‍ദേശിക്കുകയല്ലാതെ കൂടുതല്‍ വിദഗ്ദ ചികിത്സ നല്‍കുകയോ പരിശോധനകള്‍ ചെയ്യിക്കുകയോ ചെയ്തില്ലെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. തുണിക്കെട്ട് പുറത്തുവന്നത് ആശുപത്രിയിലെത്തി ഡോക്ടറെ അറിയിച്ചപ്പോള്‍ ഇനി വേദന വന്നാല്‍ വരണം എന്ന് പറഞ്ഞ് മടക്കി അയച്ചെന്നും യുവതി പറയുന്നു. കടുത്ത വേദനയിലൂടെയാണ് താന്‍ രണ്ടര മാസക്കാലം കടന്നു പോയതെന്നും ഭക്ഷണം കഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നെന്നും യുവതി പറയുന്നു.
തന്റെ ദുരവസ്ഥയ്ക്ക് കാരണമായവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് യുവതിയും കുടുംബവും ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ച് കുടുംബം മന്ത്രി ഒ.ആര്‍ കേളു, ഡിഎംഒ, ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ പരാതി സ്വീകരിക്കുമെന്ന് മന്ത്രി ഒ.ആര്‍ കേളു പ്രതികരിച്ചിട്ടുണ്ട്.
Prathinidhi Online