പാലക്കാട്: ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം 9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നതായി പരാതി. നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പല്ലശ്ശന സ്വദേശിനി വിനോദിനിയുടെ വലതു കൈയ്യാണ് നഷ്ടമായത്. 24ാം തിയ്യതിയാണ് കുട്ടിക്ക് പരിക്ക് പറ്റുന്നത്. ജില്ലാ ആശുപത്രിയില്‍ നിന്ന് കുട്ടിയുടെ മുറിവില്‍ മരുന്നുകെട്ടി അതിന്റെ മുകളില്‍ പ്ലാസ്റ്ററിട്ടെന്ന് കുടുംബം ആരോപിക്കുന്നു. പരിക്കു പറ്റിയ കൈയ്യില്‍ പഴുപ്പ് കയറിയതിനെ തുടര്‍ന്ന് കൈ മുറിച്ചു മാറ്റിയെന്നാണ് കുടുംബത്തിന്റെ പരാതി.
വീട്ടില്‍ കളിക്കുന്നതിനിടെ കുട്ടി വീഴുകയും തുടര്‍ന്ന് കുട്ടിയെ ആദ്യം ചിറ്റൂരിലെ ആശുപത്രിയിലും തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചിരുന്നു. വീഴ്ചയില്‍ കുട്ടിക്ക് കയ്യില്‍ മുറിവും കൈക്ക് പൊട്ടലമുണ്ടായി. സ്‌കാനിങ്ങിനു ശേഷം മുറിവില്‍ മരുന്ന് വെയ്ക്കുകയും കൈക്ക് ബാന്‍ഡേജ് ഇടുകയും ചെയ്തിരുന്നു. രാത്രി മുഴുവന്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ അടുത്ത ദിവസവും ആശുപത്രിയില്‍ എത്തിച്ചെങ്കിലും പൊട്ടിയതിന്റെ വേദനയാണെന്നും ഗുളിക കുടിച്ചാല്‍ മതിയെന്നും പറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് പറഞ്ഞു വിട്ടെന്നാണ് കുടുംബം പറയുന്നത്. വെള്ളിയാഴ്ച വീണ്ടും ഡോക്ടറെ കാണിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ വേദന അസഹ്യമാകുകയും കുട്ടിയുടെ കൈയ്യുടെ നിറം കറുപ്പ് നിറത്തിലേക്ക് മാറുകയും ചെയ്തതിനെ തുടര്‍ന്ന് കുടുംബം വീണ്ടും ഡോക്ടര്‍മാരുടെ അടുത്തെത്തിയപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. അപ്പോഴേക്കും കൈയ്യില്‍ പഴുപ്പ് കയറി കുട്ടിയുടെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലേക്ക് മാറിയിരുന്നു. തുടര്‍ന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം കുട്ടിയുടെ കൈ മുറിച്ചു മാറ്റിയത്.
സംഭവത്തില്‍ കലക്ടര്‍ക്കും ഡിഎംഒയ്ക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
Prathinidhi Online