പാലക്കാട്: തദ്ദേശസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തിനും കോര്‍പ്പറേഷനുകളില്‍ രാവിലെ പതിനൊന്നരയ്ക്കുമാണ് സത്യപ്രതിജ്ഞ. ഏറ്റവും മുതിര്‍ന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത്. കോര്‍പ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കളക്ടര്‍മാരും മറ്റിടങ്ങളില്‍ അതത് വരണാധികാരികള്‍ക്കുമാണ് ചുമതല. സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യ ഭരണസമിതി യോഗവും ഇന്ന് നടക്കും. മേയര്‍, ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് 26-നും പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 27നും നടക്കും.
നിലവിലുളള ഭരണസമിതിയുടെ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. മലപ്പുറത്തെ എട്ട് തദ്ദേശസ്ഥാപനങ്ങളിലൊഴിച്ച് മറ്റിടങ്ങളില്‍ ഇന്ന് പുതിയ ഭരണസമിതി അധികാരത്തിലേറും. കാലാവധി അവസാനിക്കാത്തതിനാല്‍ ഡിസംബര്‍ 22 നും അതിന് ശേഷവുമാണ് മലപ്പുറത്തെ 8 തദ്ദേശ സ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ.
അതേസമയം, കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചിയിലേയും തിരുവനന്തപുരത്തേയും മേയര്‍ ആരാകുമെന്നതില്‍ അന്തിമ തീരുമാനം ആയിട്ടില്ല. മേയര്‍ സ്ഥാനാര്‍ഥി ആരെന്നതില്‍ കെപിസിസി അന്തിമ തീരുമാനം എടുത്തിട്ടില്ല. തിരുവനന്തപുരത്തെ മേയര്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. നഗരസഭയില്‍ ഭൂരിപക്ഷമുള്ള ബിജെപിയില്‍ നിന്ന് വി.വി രാജേഷോ ആര്‍ ശ്രീലേഖയോ മേയറാകുമെന്നാണ് സൂചനകള്‍.
Prathinidhi Online