പശുവിന്‍ പാല്‍ കുട്ടികളില്‍ അലര്‍ജി ഉണ്ടാക്കുമോ? അറിയാം ചില കരുതലുകള്‍

പശുവിന്‍ പാല്‍ കുട്ടികളില്‍ അലര്‍ജി ഉണ്ടാക്കുമോ എന്നത് പലരുടേയും സംശയമാണ്. പശുവിന്‍ പാല്‍ കൊടുത്തത് കൊണ്ടാണോ എന്റെ കുട്ടിക്ക് ചുമ വരുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ ആരോഗ്യ വിദഗ്ദരെ കാണുമ്പോള്‍ പല രക്ഷിതാക്കളുടേയും സംശയമാണ്.

ആദ്യം എന്താണ് അലര്‍ജി എന്ന് നോക്കാം
ശരീരത്തിലെത്തുന്ന ചില പദാര്‍ത്ഥങ്ങളോട് (proteins/ allergens) രോഗ പ്രതിരഓധ സംവിധാനം (immunological system) അസാധാരണമായി പ്രതികരിക്കുന്നതാണ് അലര്‍ജി. ഈ പ്രതികൂല പ്രതികരണം പലവിധ രോഗലക്ഷണങ്ങള്‍ക്കും കാരണമാകുന്നു. അലര്‍ജനുകള്‍ ചര്‍മ്മം, ശ്വാസകോശം, ദഹനേന്ദ്രിയം (gastrointestianla tract) എന്നിവയിലൂടെയാണ് ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. പൊടി, പൂമ്പൊടി, വളര്‍ത്തു മൃഗങ്ങളുടെ രോമം, ഫംഗസ്, ഭക്ഷണ വസ്തുക്കള്‍, മരുന്നുകള്‍ തുടങ്ങിയവ അലര്‍ജിക്ക് കാരണമാകാം. പാല്‍, മുട്ട, മത്സ്യവിഭവങ്ങള്‍, നട്ട്‌സ്, ഗോതമ്പ്, സോയ തുടങ്ങിയവയാണ് പ്രധാനമായും അലര്‍ജി ഉണ്ടാക്കുന്നത്.

പശുവിന്‍ പാല്‍ അലര്‍ജി എങ്ങനെ ഉണ്ടാകുന്നു?
പശുവിന്‍ പാലിലെ ഒന്നോ അതിലധികമോ പ്രോട്ടീനുകളോട് ശരീരം പ്രതികൂലമായി പ്രതികരിക്കുകയും ചില പ്രത്യേക രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കുയും ചെയ്യുന്നു. ഈ അലര്‍ജി പ്രധാനമായും 3 തരത്തിലാണുള്ളത്.

  1. പശുവിന്‍ പാലിലുള്ള പ്രോട്ടീനെതിരെ ശരീരത്തില്‍ ഐഇജി എന്ന ഇമ്മ്യൂണോഗ്ലോബലിന്‍/ ആന്റിബോഡി ഉല്‍പാദിപ്പിക്കപ്പെടുന്നു (IgE mediated). ചര്‍മ്മം, ശ്വാസകോശം, കുടല്‍ എന്നിവയെയാണ് ഈ അലര്‍ജി ബാധിക്കുന്നത്.
  2. മറ്റുതരം രാസവസ്തുക്കള്‍ കൂടുന്നത് മൂലം (Non IgE mediated). കുടലിനെയാണിത് പ്രധാനമായും ബാധിക്കുന്നത്.
  3. മിക്‌സഡ് (mixed) ചര്‍മത്തിലെ എക്‌സീമ (eczema)ക്കു കാരണമാകുന്നു.

രോഗലക്ഷണങ്ങള്‍
നിസ്സാര രോഗലക്ഷണങ്ങള്‍ മുതല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വരെ പശുവിന്‍പാല്‍ അലര്‍ജി കാരണമാകുന്നു. കുട്ടിക്ക് പശുവിന്‍ പാല്‍ കൊടുത്തു തുടങ്ങി ഉടനെത്തന്നെയോ ചിലപ്പോള്‍ ആഴ്ചകള്‍ക്ക് ശേഷമോ അലര്‍ജി ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാം. മുലപ്പാല്‍ മാത്രം കുടിക്കുന്ന ശിശുക്കളില്‍ പോലും അമ്മ പശുവിന്‍ പാല്‍ കുടിക്കുകയാണെങ്കില്‍ അപൂര്‍വമായി ഈ അലര്‍ജി കാണാറുണ്ട്. പലപ്പോഴും പാല്‍ കുടിച്ച് 2 മണിക്കൂറിന് ശേഷം രോഗലക്ഷണങ്ങള്‍ കാണാറുണ്ട്. മറ്റുചിലപ്പോള്‍ ആഴ്ചകള്‍ക്ക് ശേഷമാകാം ലക്ഷണങ്ങള്‍ കാണിക്കുക.

തൊലിപ്പുറത്തുള്ള തടിപ്പ് (urticaria), ചുണ്ടിലും കണ്‍പോളകളിലും തടിപ്പ് (angioedema), ചൊറിച്ചില്‍, തുടര്‍ച്ചയായോ ഇടവിട്ടോ ഉള്ള ഛര്‍ദ്ദി, ഓക്കാനം, വയറിളക്കം, വയറുവേദന, ശിശുക്കളുടെ നിര്‍ത്താതെയുള്ള കരച്ചില്‍, മലത്തില്‍ രക്തം, മലബന്ധം, വളര്‍ച്ച കുറവ്, വിളര്‍ച്ച എന്നിവയെല്ലാം ലക്ഷണങ്ങളാണ്. പാലിനോടുള്ള അലര്‍ജി മൂലം ആസ്ത്മക്കും മൂക്കിലുള്ള അലര്‍ജിക്കും (അലര്‍ജിക്ക് റൈനിറ്റീസ്) സാധ്യത കുറവാണ്. എങ്കിലും ചില കുട്ടികളില്‍ വിട്ടുമാറാത്ത ചുമ, വലിവ്, മൂക്കൊലിപ്പ്, മൂക്കടപ്പ്, കണ്ണിനും മൂക്കിനും ചൊറിച്ചില്‍ എന്നിവ കാണാം.

ദഹന വ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരമായ അസുഖങ്ങളും (food protein induced enterocolitis, enteropathy, proctocolitis) പശുവിന്‍ പാല്‍ അലര്‍ജി മൂലം സംഭവിക്കാം. ചില രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അണുബാധയാണോ എന്ന് സംശയം വരാം. ശരിയായ രോഗ നിര്‍ണയം മതിയായ ചികിത്സയ്ക്ക് അത്യന്താപേക്ഷിതമാണ്. ചിലപ്പോള്‍ പാലിനോടുള്ള അലര്‍ജി ഗുരുതരമായ അനാഫിലാക്‌സിനു (anaphylaxis) നു കാരണമാകുന്നു.

എന്താണ് ചികിത്സ?
രോഗത്തിന് ചികിത്സ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ ചെയ്യാവൂ.

  1. അലര്‍ജി ഉള്ള ഉല്‍പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക എന്നതാണ് ആദ്യപടി.
  2. അതോടൊപ്പം പോഷകാഹാരങ്ങളും ഉറപ്പായും നല്‍കണം.
  3. കുട്ടികളുടെ തുടര്‍ പരിശോധനകള്‍ നിര്‍ദേശമനുസരിച്ച് നടത്തുകയും അവരുടെ വളര്‍ച്ചയും
  4. ആരോഗ്യസ്ഥിതിയും വിലയിരുത്തുകയും വേണം.
    4. ഡോക്ടറിന്റെ നിര്‍ദേശ പ്രകാരം മാത്രമേ പാല്‍ വീണ്ടും നല്‍കാന്‍ പാടുള്ളൂ.
  5. അനാഫിലിക്‌സ് വന്ന കുട്ടികളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
  6. അലര്‍ജി ടെസ്റ്റുകള്‍ ചെയ്യുകയും ഏതൊക്കെ വസ്തുക്കളാണ് അലര്‍ജി ഉണ്ടാക്കുന്നത് എന്ന് കണ്ടെത്തുന്നതും ഗുണകരമാണ്.

നമ്മുടെ ആരോഗ്യം മാസികയില്‍ ലിസി ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ ഡോ.ജെസ്സി തോമസ് എഴുതിയത്

 

comments

Check Also

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്‌ഐവി; രോഗബാധ 8നും 14നും ഇടയിലുള്ളവര്‍ക്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്‌ഐവി സ്വിരീകരിച്ചു. സത്‌ന ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ …