ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. ‘ജനാധിപത്യം രാജവാഴ്ചയല്ല’, ‘ട്രംപ് രാജാവല്ല’, ‘ജനാധിപത്യം ഭീഷണിയിലാണ്’, ‘പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുക’ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രതിഷേധം. ‘നോ കിങ്‌സ് പ്രൊട്ടസ്റ്റ്’ എന്ന പേരില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് പങ്കെടുത്തത്.
ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍, ഷിക്കാഗോ, മിയാമി, ലോസ് ആഞ്ചലിസ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ശനിയാഴ്ച രാവിലെയാണ് റാലി തുടങ്ങിയത്. കനത്ത സുരക്ഷാവലയത്തിലാണ് റാലി സംഘടിപ്പിച്ചത്. ഡ്രോണുകളും ഹെലിക്കോപ്റ്ററുകളും വരെ നിരീക്ഷണത്തിനായി പോലീസ് ഉപയോഗിച്ചു. എന്നാല്‍ പ്രതിഷേധ സമരങ്ങളെല്ലാം സമാധാനപരമായിരുന്നെന്ന് സംഘാടകര്‍ പറഞ്ഞു.
അതേസമയം പ്രതിഷേധം സംഘടിപ്പിക്കുന്നവര്‍ തീവ്ര ഇടത് ഗ്രൂപ്പായ ‘ആന്റിഫ മൂവ്‌മെന്റുമായി’ ബന്ധമുള്ളവരാണെന്നാണ് ട്രംപിന്റേയും അനുയായികളുടേയും ആരോപണം. അമേരിക്കയെ നിന്ദിക്കലാണ് പ്രതിഷേക്കാര്‍ ചെയ്യുന്നതെന്നും ട്രംപ് അനുകൂലികള്‍ ആരോപിക്കുന്നു.
Prathinidhi Online