പാലക്കാട്: സുസ്ഥിര ഊര്‍ജ്ജ പരിവര്‍ത്തനത്തിന് കേരളത്തെ ദേശീയ മാതൃകയാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി. കെ. കൃഷ്ണന്‍ കുട്ടി. വെല്ലുവിളികള്‍ക്കിടയിലും സംസ്ഥാന വൈദ്യുതി മേഖലയെ പൊതുമേഖലയില്‍ നിലനിര്‍ത്തിക്കൊണ്ട് കെ.എസ്.ഇ.ബി യെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. ‘വിഷന്‍ 2031’ സെമിനാറുകളുടെ ഭാഗമായി മലമ്പുഴ ഹോട്ടല്‍ ട്രൈപ്പന്റയില്‍ ഊര്‍ജ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ ‘പവര്‍ഫുള്‍ കേരള’യിലെ ആമുഖ സെഷനില്‍ കരട് നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് തോറിയം അധിഷ്ഠിത വൈദ്യുതി ലഭ്യമാക്കുന്നിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് മനസ്സിലാക്കാവുന്ന ലളിതമായ തരത്തില്‍ ബില്ലിങ് സമ്പ്രദായം പരിഷ്‌കരിക്കും. വര്‍ധിച്ചു വരുന്ന വൈദ്യുതി ആവശ്യകത, പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളുടെ പരിമിതികള്‍, കാര്‍ബണ്‍ ബഹിര്‍ഗമനം, കാലാവസ്ഥാ മാറ്റ ഭീഷണികള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വൈദ്യുതി മേഖലയെ പൊതുമേഖലയില്‍ നിലനിര്‍ത്തിക്കൊണ്ട് കെ.എസ്.ഇ.ബി.യെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദവും ദീര്‍ഘകാല സുരക്ഷിതവുമായ ഒരു വൈദ്യുതി മോഡലാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്. ക്രോസ് സബ്‌സിഡി സമ്പ്രദായം നിര്‍ത്തലാക്കുന്നത് സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും കര്‍ഷകര്‍ക്കും വൈദ്യുതി അപ്രാപ്യമാക്കും. ദേശീയ തലത്തില്‍ ഇലക്ട്രിസിറ്റി കൗണ്‍സില്‍ രൂപവത്കരിക്കുന്നത് വൈദ്യുതി മേഖലയിലെ സംസ്ഥാനങ്ങളുടെ ഫെഡറല്‍ അധികാരങ്ങളെ ഇല്ലാതാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പിലാക്കിയ സംസ്ഥാനമെന്ന നിലയില്‍, വിദൂര ആദിവാസി മേഖലകളിലെ ഉന്നതികളില്‍ പോലും സോളാര്‍ ഹൈബ്രിഡ് സംവിധാനങ്ങളോടെയുള്ള ഗ്രിഡ് ബന്ധം, സോളാര്‍ ഹൈബ്രിഡ് സംവിധാനങ്ങളോടെ ഈ സര്‍ക്കാര്‍ കാലയളവില്‍ തന്നെ വൈദ്യുതീകരണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ഊര്‍ജ വകുപ്പിന്റെ കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളിലെ പ്രധാന നേട്ടങ്ങള്‍ ഊര്‍ജ വകുപ്പ് അഡീഷണല്‍ ചീഫ്
സെക്രട്ടറി പുനീത് കുമാറും സംസ്ഥാന കരട് വൈദ്യുതി നിയമ (ഭേദഗതി) ബില്ല് – 2025 കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (സോളാര്‍ പ്രൊജക്ട്‌സ്) കെ. ഇന്ദിരയും അവതരിപ്പിച്ചു. ആമുഖ സെഷനില്‍
എം.എല്‍.എമാരായ എ.പ്രഭാകരന്‍, കെ.ഡി പ്രസേനന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ. രവി രാമന്‍, കെ.എസ്.ഇ.ബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മിന്‍ഹാജ് ആലം, അനര്‍ട്ട് സി. ഇ.ഒ ഹര്‍ഷില്‍ ആര്‍ മീണ, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ആര്‍ ഹരികുമാര്‍, കെ.എസ്.ഇ.ബി സ്വതന്ത്ര ഡയറക്ടര്‍ വി.ആര്‍ മുരുകദാസ്, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ജി. വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Prathinidhi Online