വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; അട്ടപ്പള്ളം സ്വദേശികളായ 5 പേര്‍ അറസ്റ്റില്‍

വാളയാര്‍: അട്ടപ്പള്ളത്ത് അതിഥി തൊഴിലാളി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസില്‍ 5 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വാളയാര്‍ പോലീസ് Cr:975/2025, U/s 103(1) BNS പ്രകാരമാണ് കേസെടുത്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ പാലക്കാട് ജെഎഫ്‌സിഎം 1 കോടതിയില്‍ ഹാജരാക്കും. പ്രതികളെ ഇന്നലെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട രാമനാരായണ ഭയ്യ (31)യുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

അട്ടപ്പള്ളം സ്വദേശികളാണ് പ്രതികളെല്ലാം. കല്ലന്‍കാട് വീട്ടില്‍ അനു (38), പ്രസാദ് (34), മുരളി (38), കിഴക്കേ അട്ടപ്പള്ളം സ്വദേശി ആനദന്‍ (55), വിനിത നിവാസില്‍ വിപിന്‍ (30) എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് സൂചന.

ബുധനാഴ്ച ഉച്ചയോടെയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാമനാരായണ്‍ ഭയ്യ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാകുന്നത്. ഉച്ചയ്ക്ക് 2.30ഓടെ അട്ടപ്പള്ളത്തായിരുന്നു സംഭവം. ക്രൂര മര്‍ദ്ദനത്തിനിരയായി രക്തം വാര്‍ന്ന് കിടന്ന ഇയാളെ ഒന്നര മണിക്കൂറിന് ശേഷമാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. രാത്രിയോടെ ജില്ലാ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

നാല് ദിവസം മുന്‍പാണ് രാംനാരായണ്‍ ജോലിക്കായി കേരളത്തിലെത്തിയത്. തെറ്റിദ്ധാരണയുടെ പുറത്ത് ആള്‍ക്കൂട്ടം ഇയാളെ മര്‍ദ്ദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കള്ളനെന്ന് പറഞ്ഞായിരുന്നു ഒരുകൂട്ടം ആളുകള്‍ ഇയാളെ മര്‍ദ്ദിച്ചത്. രാമനാരായണന്റെ ദേഹമാസകലം ക്രൂരമായ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ ബംഗ്ലാദേശിയാണോ നിങ്ങളെന്ന് ആള്‍ക്കൂട്ടം ചോദിക്കുന്നതായി കാണാം.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …