ഡോക്ടറും നഴ്‌സുമെല്ലാം രോഗിയുടെ അടുത്തേക്ക്;; നേത്ര രോഗികള്‍ക്ക് ആശ്വാസമായി ജില്ലയിലെ സഞ്ചരിക്കുന്ന ഒഫ്താല്‍മോളജി യൂണിറ്റ്

പാലക്കാട്: ജില്ലയിലെ നേത്ര രോഗികള്‍ക്ക് ആശ്വാസമായി മൊബൈല്‍ ഒഫ്താല്‍മോളജി യൂണിറ്റ്. ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൡലും മൊബൈല്‍ യൂണിറ്റ് വഴി ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് രോഗികള്‍ക്ക് ആശ്വാസമാകുന്നത്. 2015 ല്‍ ആരംഭിച്ച ക്ലിനിക്കിലൂടെ ഇതിനകം ആയിരത്തോളം പേര്‍ക്ക് പ്രയോജനം ലഭിച്ചു.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് കണ്ടെത്തുന്ന തുടര്‍ ചികിത്സ ആവശ്യമുള്ള രോഗികളെ വാഹനത്തില്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് തിമിര ശസ്ത്രക്രിയ സൗജന്യമായി നടത്തി തിരിച്ചെത്തിക്കുകയാണ് ചെയ്യുന്നത്. ഒരു മാസം ശരാശരി 50 ഓളം രോഗികള്‍ ക്യാമ്പില്‍ മാത്രം ശസ്ത്രക്രിയ നടത്തുന്നുണ്ടെന്നാണ് കണക്ക്. പ്രമേഹ രോഗികള്‍ക്ക് ലേസര്‍ ചികിത്സയും രോഗികള്‍ക്ക് കണ്ണടകളും ക്യാമ്പിന്റെ ഭാഗമായി നല്‍കുന്നുണ്ട. എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഗോത്രമേഖലകളിലും വിദൂര ഗ്രാമങ്ങളിലും നേത്രചികിത്സാ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് ക്യാമ്പുകള്‍ നടത്തുന്നത്. ഒരു ഒഫ്താല്‍മോളജിസ്റ്റ് (നേത്രരോഗ വിദഗ്ദ്ധന്‍), ഒഫ്താല്‍മിക് കോ ഓര്‍ഡിനേറ്റര്‍, നഴ്സിങ് അസിസ്റ്റന്റ്, ഒപ്‌റ്റോമെട്രിസ്റ്റ്, ഡ്രൈവര്‍ എന്നിവരടങ്ങുന്നതാണ് ടീം. പ്രാദേശികമായി ലഭ്യമാകുന്ന കണ്ണ് രോഗ വിദഗ്ദരേയും ക്യാമ്പിന്റെ ഭാഗമാക്കുന്നുണ്ട്. ക്യാമ്പ് തുടങ്ങുന്നതിന് മുന്‍പ് പ്രാദേശിക മെഡിക്കല്‍ ഓഫീസറുമായും ഫീല്‍ഡ് സ്റ്റാഫുമായും ആലോചിച്ചാണ് ക്യാമ്പിന്റെ തീയതികളും വേദികളും തീരുമാനിക്കുന്നത്. ജില്ലാ ആശുപത്രിയിലെ ഒഫ്താല്‍മിക് സര്‍ജന്‍ ഡോ. വി.കെ.പി ഗീതയാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

 

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …