ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം തിരിച്ചുപിടിച്ച് മുകേഷ് അംബാനി. 2025 ലെ എം3എം ഹുറൂണ്‍ ഇന്ത്യ സമ്പന്ന പട്ടികയാണ് പുറത്തുവന്നത്. 9.55 ലക്ഷം കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി. രണ്ടാം സ്ഥാനത്തുള്ള ഗൗതം അദാനിക്ക് 8.15 ലക്ഷം കോടിയുടെ ആസ്തിയുണ്ട്. 2.84 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി റോഷ്നി നാടാര്‍ മല്‍ഹോത്രയാണ് മൂന്നാം സ്ഥാനത്ത്. ബോളിവുഡ് താരം ഷാരൂഖ് ഖാനും ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 12,490 കോടിയാണ് എസ്ആര്‍കെയുടെ ആസ്തി.
ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം 350 കവിഞ്ഞിട്ടുണ്ട്. 13 വര്‍ഷം മുന്‍പാണ് ഹുറൂണ്‍ സമ്പന്ന പട്ടിക തയ്യാറാക്കി തുടങ്ങിയത്. കണക്കുകള്‍ പ്രകാരം 2025ലേക്കെത്തുമ്പോള്‍ ഏകദേശം ആറ് മടങ്ങ് വര്‍ധനയാണ് ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഉണ്ടായത്. പട്ടികയിലുള്ള അംഗങ്ങളുടെ മൊത്തം സമ്പത്ത് 167 ലക്ഷം കോടിയാണ്. ഇത് ഇന്ത്യയുടെ ജിഡിപിയുടെ ഏകദേശം പകുതിയാണ്. ഹുറൂണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് എം3എം ഇന്ത്യയാണ് പട്ടിക തയ്യാറാക്കുന്നത്.
ഏറ്റവും സമ്പന്നരായ 10 ഇന്ത്യക്കാര്‍

- മുകേഷ് അംബാനി – 9,55,410 കോടി
- ഗൗതം അദാനി – 8,14,720 കോടി
- റോഷ്നി നാടാര്‍ മല്‍ഹോത്ര – 2,84,120 കോടി
- സൈറസ് എസ് പൂനവല്ല -2,46,460 കോടി
- കുമാര്‍ മംഗലം ബിര്‍ള -2,32,850 കോടി
- നീരജ് ബജാജ് -2,32,680 കോടി
- ദിലീപ് ഷാങ്വി -2,30,560 കോടി
- അസിം പ്രേംജി -2,21,250 കോടി
- ഗോപിചന്ദ് ഹിന്ദുജ -1,85,310 കോടി
- രാധാകിഷന്‍ ദമാനി -1,82,980 കോടി
Prathinidhi Online