ജോലി ദിവസങ്ങള്‍ ആഴ്ചയില്‍ 5 ആയി കുറക്കണം; നാളെ ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക്

ന്യൂഡല്‍ഹി: ജോലി സമയങ്ങള്‍ ആഴ്ചയില്‍ അഞ്ചു ദിവസമായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ നാളെ സമരത്തിലേക്ക്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ (യുഎഫ്ബിയു) ആണ് രാജ്യ വ്യാപകമായി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 24ന് നാലാം ശനിയും 25ന് ഞായറാഴ്ചയും 26 റിപ്പബ്ലിക് ദിനവും കൂടി ഒരുമിച്ച് വന്നതോടെ തുടര്‍ച്ചയായ നാലു ദിവസത്തെ ബാങ്കിങ് സേവനങ്ങള്‍ ലഭിക്കാത്ത സാഹചര്യമുണ്ട്. ഇത് ബാങ്കിങ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്.

ജനുവരി 23ന് ചീഫ് ലേബര്‍ കമ്മീഷ്ണറുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് 9 യൂണിയനുകളുടെ കൂട്ടായ്മയായ യുഎഫ്ബിയു സമരത്തിന് ആഹ്വാനം ചെയ്തത്. ജീവനക്കാരുയര്‍ത്തിയ ആവശ്യങ്ങളോട് അധികൃതരുടെ ഭാഗത്ത് നിന്നും ഉറപ്പ് ലഭിച്ചില്ലെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ പ്രതികരിക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

പൊതുമേഖല ബാങ്കുകളിലെ ഉദ്യോഗസ്ഥരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സമരത്തെ കുറിച്ച് ഉപഭോക്താക്കള്‍ക്ക് ബാങ്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ മാസത്തിലെ രണ്ടാമത്തേയും നാലാമത്തേയും ശനിയാഴ്ച ജീവനക്കാര്‍ക്ക് അവധിയാണ്. ഇതിനു പകരം എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും അവധി നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇതിനു പകരം ആഴ്ചയിലെ 5 പ്രവൃത്തി ദിനങ്ങളില്‍ 40 മിനിറ്റ് അധിക സമയം ജോലി ചെയ്യാന്‍ സന്നദ്ധരാണെന്ന് ജീവനക്കാര്‍ അറിയിച്ചിട്ടുണ്ട്.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …