പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ചെന്താമരക്കെതിരെ ചുമത്തിയ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞു. വ്യാഴാഴ്ച (ഒക്ടോബര്‍ 16) കേസില്‍ ശിക്ഷാ വിധി പ്രഖ്യാപിച്ചേക്കും. കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി പറഞ്ഞു. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് ചെന്താമരയോട് കോടതി ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന മറുപടിയാണ് ലഭിച്ചത്. രാവിലെ കോടതിയില്‍ എത്തിച്ചപ്പോഴും വിധിക്കുശേഷവും ചെന്താമര ഒന്നും പ്രതികരിച്ചില്ല.
നെന്മാറ ഇരട്ടക്കൊലക്കേസിലും പ്രതിയാണ് ചെന്താമര. അയല്‍വാസിയായിരുന്ന പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയില്‍ സജിതയെ 2019 ഓഗസ്റ്റ് 31നാണ് ചെന്താമര വെട്ടിക്കൊന്നത്. തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ സജിതയാണ് കാരണമെന്ന് ഒരു മന്ത്രവാദി പറഞ്ഞതാണ് കൊലപാതക കാരണമായി ചെന്താമര പറഞ്ഞിരുന്നത്. സജിതയുടെ കുടുംബം ദുര്‍മന്ത്രവാദം നടത്തുകയാണെന്ന് ചെന്താമര വിശ്വസിച്ചിരുന്നു. തുടര്‍ന്ന് സജിതയെ വീട്ടില്‍ കയറി വെട്ടിക്കൊല്ലുകയും തെളിവു നശിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. രണ്ടുദിവസം പോത്തുണ്ടി വനമേഖലയില്‍ ഒളിച്ചു കഴിഞ്ഞശേഷമാണ് ചെന്താമര പോലീസ് പിടിയിലാകുന്നത്. കേസില്‍ പിന്നീട് ജാമ്യത്തിലിറങ്ങിയ സജിതയുടെ ഭര്‍ത്താവ് സുധാകരനേയും അമ്മയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
വിധി കേള്‍ക്കാന്‍ സജിതയുടെ മക്കളായ അതുല്യയും അഖിലയും കോടതിയിലെത്തിയിരുന്നു. പ്രതി പുറത്തിറങ്ങിയാല്‍ ജീവന് ഭീഷണിയുണ്ടെന്നും സ്വസ്ഥമായി ജീവിക്കാന്‍ കഴിയില്ലെന്നും പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നുമാണ് സജിതയുടെ കുടുംബം ആവശ്യപ്പെട്ടത്. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി കോടതി ഇന്ന് വിധി പറഞ്ഞത്. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അന്‍പത് സാക്ഷികളുടെ മൊഴിയുമാണ് കേസില്‍ നിര്‍ണായകമായത്.
Prathinidhi Online