ചിറ്റൂരിൽ പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ചു; താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ

പാലക്കാട്: ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് കുഞ്ഞു മരിച്ചു. വണ്ടിത്താവളം മണിയാട്ടുകുളമ്പ് സ്വദേശികളായ നാരായണൻകുട്ടിയുടെയും ആനന്ദിയുടെയും രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്. പ്രസവത്തിനുശേഷം കുഞ്ഞിന് ശ്വാസതടസ്സം നേരിട്ടതിനാൽ കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടികളുടെ ഐസിയുവിൽ പ്രവേശിപ്പിക്കാൻ താലൂക്ക് ആശുപത്രിയിൽ നിന്നും നിർദേശിച്ചിരുന്നു. താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ ഐസിയു ഉണ്ടായിരുന്നില്ല. തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് കുഞ്ഞ് മരിച്ചത്. വിഷയത്തിൽ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് കുടുംബം പരാതി നൽകിയിട്ടുണ്ട്.

ഗർഭിണിയായത് മുതൽ ചിറ്റൂർ താലൂക്ക് ആശുപത്രിയിലായിരുന്നു ആനന്ദിയെ പ്രവേശിപ്പിച്ചിരുന്നത്. അവസാന മാസത്തെ സ്കാൻ റിപ്പോർട്ടിൽ കുഞ്ഞിന്റെ തല തിരിഞ്ഞാണ് ഇരിക്കുന്നതെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടർമാർ അറിയിച്ചിരുന്നതായി കുടുംബം പറഞ്ഞു. തുടർന്ന് ബുധനാഴ്ച ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെ പ്രസവ വേദന അനുഭവപ്പെട്ടതിനാൽ  ആനന്ദിയെ ആശുപതിയിൽ എത്തിച്ചു. കുട്ടിയുടെ തല തിരിഞ്ഞിരിക്കുന്ന നിലയിലായിരുന്നു അപ്പോഴെന്ന് ഡോക്ടർമാർ പറയുന്നു. അമ്മയുടെ ജീവൻ രക്ഷിക്കാൻ കുട്ടിയെ ശസ്ത്രക്രിയയില്ലാതെ പുറത്തെടുക്കേണ്ടന്നതായി വന്നതായി ഡോക്ടർമാർ പറയുന്നു. എന്നാൽ ചികിത്സാപ്പിഴവാണ് കുട്ടിയുടെ മരണ കാരണമെന്നാണ് കുട്ടിയുടെ പിതാവ് നാരായണൻ കുട്ടി ആരോപിച്ചത്.

കുഞ്ഞിന്റെ ഇടതുകൈയിലെ അസ്ഥി ഒടിയുകയും തോൾഭാഗത്തെ ഞരമ്പ് മുറിയുകയും ചെയ്തിരുന്നതായും തലയിൽ രക്തം കട്ടപിടിച്ചതുമൂലമാണ് ജീവൻ നഷ്ടപ്പെട്ടതെന്നും സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞതായി നാരായണൻകുട്ടി പറഞ്ഞു. വിഷയത്തിൽ ആശുപത്രി സൂപ്രണ്ടിനും ആരോഗ്യവകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …